ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് റോബര്‍ട്ട് വദ്ര സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നും അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവാണ് വദ്ര.

പല അവസരങ്ങള്‍ നല്‍കിയിട്ടും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ വദ്ര തയ്യാറാകുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി സിങ് കോടതിയെ അറിയിച്ചു. വദ്രയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കോടതി മാര്‍ച്ച് 25 ന് വീണ്ടും പരിഗണിക്കും. അതുവരെ വദ്രയെ അറസ്റ്റു ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണം സുപ്രധാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പൊഴും വദ്ര അറസ്റ്റില്‍നിന്നുള്ള സംരക്ഷണം ആസ്വദിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

വദ്രയുടെ വിദേശത്തുള്ള ആസ്തികളുമായി ബന്ധപ്പെട്ടതാണ് കേസ്.  നികുതി വെട്ടിപ്പ് നടത്തുന്നതിനായി ഇവ സംബന്ധിച്ച വിവരങ്ങള്‍ വദ്ര മറച്ചുവച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്. വദ്രയുമായി ബന്ധപ്പെട്ട ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള കേന്ദ്രങ്ങളില്‍ 2018 ഡിസംബര്‍ ഏഴിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ നടത്തിയിരുന്നു.

Content Highlights: Robert Vadra, ED, money laundering case