ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി അടുപ്പമുള്ള വ്യവസായിയുടെ വെളിപ്പെടുത്തല്‍. ദുബായിലെ വ്യവസായിയും മലയാളിയുമായ സി.സി തമ്പിയാണ്  വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. റോബര്‍ട്ട് വദ്രയുമായി തന്നെ പരിചയപ്പെടുത്തിയത് സോണിയാ ഗാന്ധിയുടെ പിഎ പി.പി മാധവനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ അദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അനധികൃത സമ്പാദ്യം ഉപയോഗിച്ച് ദുബായിലെ ജുമൈറയില്‍ 14 കോടി വിലവരുന്ന വില്ലയും ലണ്ടനിലെ ബ്രയ്ന്‍സ്റ്റണ്‍ സ്‌ക്വയറില്‍ 26 കോടിയുടെ ഫ്‌ളാറ്റും വാങ്ങിയെന്ന കേസിലാണ് വാദ്രയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 13 തവണ ചോദ്യംചെയ്തിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എഫ്‌സെഡ്ഇ എന്ന കമ്പനി മുഖേനയാണ് സ്വത്ത് വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഒരു വിമാനയാത്രയ്ക്കിടയിലാണ് താന്‍ സി.സി തമ്പിയെ പരിചയപ്പെട്ടതെന്നാണ് റോബര്‍ട്ട് വദ്ര അന്വേഷണോദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ പ്രവൈറ്റ് സെക്രട്ടറി മുഖേനയാണ് താന്‍ വാദ്രയെ പരിചയപ്പെട്ടതെന്ന തമ്പിയുടെ മൊഴിയുമായി ഇത് പൊരുത്തപ്പെടുന്നില്ല. ലണ്ടനിലെ ഫ്‌ളാറ്റില്‍ വാദ്ര തങ്ങിയതായും തമ്പി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യവും വാദ്ര നിഷേധിച്ചിട്ടുണ്ട്.

തെറ്റായ മൊഴി നല്‍കി വാദ്ര അന്വേഷണത്തെ വഴിതെറ്റിക്കുകയാണെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Content Highlights: Vadra probe, Robert vadra, sonia gandhi, enforcement directorate