ബെംഗളൂരു: നിലവിലെ കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് കര്‍ണാടകയില്‍നിന്നുള്ള പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി. രവി. കര്‍ണാടക കോവിഡ് ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. 

കോവിഡ് മൂന്നാം തരംഗം- വാക്‌സിനേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിമന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവേയാണ് രവി ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്, പ്രശ്‌നകാരികളായ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാത്ത പക്ഷം  വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെ മഹാമാരിയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷത്തേക്ക് സംരക്ഷണം ഉറപ്പാണ്. അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് മൂന്നാംതരംഗം ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം പലരും അശ്രദ്ധ കാണിച്ചു. ഇന്ത്യക്കാരുടെ പ്രതിരോധശക്തി കാരണം രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉണ്ടാവില്ലെന്ന് പറഞ്ഞു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാംതരംഗത്തിലൂടെ കടന്നുപോവുകയാണ്- രവി കൂട്ടിച്ചേര്‍ത്തു. 

content highlights: vaccines effective for atleast one year- karnataka virologist