ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ദൗര്‍ലഭ്യം ഗുരുതരമായ വിഷയമാണെന്നും മറിച്ച് ഒരു ഉത്സവമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ 'ടീകാ ഉത്സവ്'അഥവാ 'വാക്‌സിന്‍ ഉത്സവ'മായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍. വാക്‌സിന്‍ ഉത്സവമായി ആചരിക്കുന്ന ദിവസങ്ങളില്‍ രാജ്യത്തെ യോഗ്യരായ പരമാവധി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 

നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കയറ്റുമതി തുടരുന്നതിനെ രാഹുല്‍ നിശിതമായി കുറ്റപ്പെടുത്തി. വാക്‌സിന്‍ ലഭ്യതയിലുണ്ടായ കുറവ് കാരണം ഏറ്റവുമധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം രാജ്യത്ത് ഏറ്റവുമധികം വ്യാപനനിരക്ക് പ്രകടമായ ഈ സമയത്ത് മിക്ക വിതരണകേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സിന്‍ എത്തിച്ചേരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 

രാജ്യത്തിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ന്യായീകരിക്കാവുന്നതല്ല. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം ഒരു ഉത്സവമല്ല, വാക്‌സിന്റെ ലഭ്യതക്കുറവ് ഗുരുതരമായ കാര്യമാണ്. പക്ഷപാതപരമല്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. മഹാമാരിയെ ഒറ്റക്കെട്ടായി പൊരുതി തോല്‍പിക്കുകയാണ് നാം ചെയ്യേണ്ടത്. രാഹുല്‍ ട്വീറ്റ് ചെയ്തു.

 

Content Highlights: Vaccine Shortage A Serious Issue, Not Utsav Rahul Gandhi Slams PM's Call