ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം സൗജന്യമാക്കാന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മേയ് ഒന്ന് മുതല്‍ രാജ്യത്തെ 18  വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ്-19 വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. 

ഉത്തര്‍പ്രദേശിലെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും ഈ പോരാട്ടത്തില്‍ കൊറോണവൈറസ് പരാജയപ്പെടുമെന്നും അന്തിമവിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

20 കോടിയോളം ജനങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനും മുഖ്യമന്തി നിര്‍ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെയാണ് ലോക്ഡൗണ്‍. കൂടാതെ അവശ്യസര്‍വീസുകളൊഴികെയുള്ള ഗതാഗതം വിലക്കിക്കൊണ്ട് നൈറ്റ് കര്‍ഫ്യൂവിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

രണ്ട് ലക്ഷത്തിലധികം സജീവരോഗികളുള്ള ഉത്തര്‍പ്രദേശ് ഇന്ത്യയില്‍ കോവിഡ് ഗുരുതരമായി ബാധിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച മുപ്പതിനായിരത്തോളം പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സാസൗകര്യം ലഭിക്കാതെ രോഗികള്‍ വലയുന്ന സാഹചര്യവും നിലവിലുണ്ട്. 

പതിനെട്ട് മുതല്‍ നാല്‍പത്തിയഞ്ച് വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമാക്കി കൊണ്ട് നേരത്തെ അസം സംസ്ഥാനവും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു. 

രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ അപ്രാപ്യമാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അഭിമുഖീകരിക്കുന്ന ക്ഷാമത്തെ തുടര്‍ന്ന് നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Vaccine Free For All Above 18, Corona Will Lose says Yogi Adityanath