ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകവും വ്യാപനശേഷിയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. വകഭേദം സംഭവിച്ച വൈറസിനെ ചെറുക്കുന്നതില്‍ വാക്‌സിനുകള്‍ക്കുള്ള ശേഷി സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതായും സംഘടന പറയുന്നു.

ഇന്ത്യയില്‍ ഒക്ടോബറില്‍ കണ്ടെത്തിയ ബി.1.617 വകഭേദത്തിന് ഉയര്‍ന്ന വ്യാപനതോതാണ് കണ്ടെത്തിയിരിക്കുന്നത്. ആന്റിബോഡികളോട് കുറഞ്ഞ സംവേദകത്വം മാത്രമാണ് പ്രകടപ്പിക്കുന്നത്. ഈ വകഭേദത്തെ നിലവില്‍ 44 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 0.1 ശതമാനം കോവിഡ് പോസിറ്റീവ് സാമ്പിളുകൾ മാത്രമാണ് ജീനോം സീക്വന്‍സിങ്ങിന് വിധേയമാക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ പറയുന്നു.

യു.കെയിലും ഇന്ത്യയിലും തിരിച്ചറിഞ്ഞ വകഭേദങ്ങളുടെ വ്യാപനം വരും ആഴ്ചകളില്‍ ദുര്‍ബലമാകുമെന്നാണ് കണക്കൂകൂട്ടുന്നതെന്ന് ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കി. എന്നാല്‍, ഇന്ത്യന്‍ വകഭേദത്തിന്റെ ബി.1.617.1, ബി ആ.1.617.2 എന്നീ പുതിയ വകഭേദങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് ഈ വകഭേദങ്ങള്‍ വ്യക്തമായും ഉയര്‍ന്ന വ്യാപനശേഷിയുള്ളതാണെന്നും സംഘടന പറയുന്നു.

ഇന്ത്യന്‍ വകഭേദത്തിനെതിരെ വാക്‌സിനുകളും മരുന്നുകളുമെല്ലാം എങ്ങനെ പ്രവര്‍ത്തിക്കും എന്നത് സംബന്ധിച്ചും വീണ്ടും വരാനുള്ള സാധ്യത സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണെന്നും ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കി. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്ക് ഇന്ത്യന്‍ വകഭേദത്തിനെതിരേ കുറഞ്ഞ പ്രതിരോധശേഷി മാത്രമേ ഉള്ളൂ എന്ന് ചില പഠനങ്ങള്‍ കാണിക്കുന്നതായും സംഘടന പറയുന്നു.

അതേസമയം, ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ചില അമേരിക്കന്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Content Highlights: Vaccine Effectiveness On India-Dominant Variants Remains Uncertain- WHO