ന്യൂഡല്‍ഹി: മൂന്നാം തരംഗത്തിന് സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടെ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ മന്ദഗതിയില്‍. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോള്‍ ഏഴു ദിവസമായി തുടര്‍ച്ചയായി ഇതില്‍ ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നടത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. മാര്‍ച്ച് 14-ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും വളരെ താഴെയാണ്.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ തകിടംമറിക്കുകയും നിരവധി ജീവനുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമാണെന്ന് പറയുമ്പോഴും ജനസംഖ്യാനുസൃതമായി വേണ്ടത്ര ഡോസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ ഇതുവരെ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളൂ.

18 മുതല്‍ 44 വയസ് വരെയുള്ള പൗരന്‍മാര്‍ക്ക് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ മേല്‍ചുമത്തിയിരുന്നു. ഓര്‍ഡര്‍ നല്‍കിയിട്ടും സംസ്ഥാനങ്ങള്‍ക്ക് തുച്ഛമായ വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് കമ്പനികള്‍ നല്‍കുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനിടെ വാക്‌സിനുകള്‍ക്കായി ആഗോള ടെണ്ടര്‍ വിളിക്കുന്ന നടപടികളിലേക്കും സംസ്ഥാനങ്ങള്‍ കടന്നിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അധികഭാരം കൈമാറിയ കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ വ്യാപക വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.