ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ അഞ്ച്‌ സംസ്ഥാനങ്ങളിലായിരിക്കും ഈ മാറ്റം. ഈ സംസ്ഥാനങ്ങളില്‍ പെരുമാറ്റ ചട്ടം നിലവിൽ വന്ന സാചര്യത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇവിടങ്ങളിലുള്ള ജനങ്ങൾക്ക് നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ കോവിൻ ആപ്പിൽ വരുത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശും പഞ്ചാബും ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തുമുതൽ മാർച്ച് ഏഴുവരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. യു.പി.യിൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ്. മണിപ്പുരിൽ രണ്ടുഘട്ടം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഒറ്റദിവസത്തെ വോട്ടെടുപ്പുമാത്രം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 15 വരെ എല്ലായിടത്തും റാലികൾ, പൊതുയോഗങ്ങൾ, റോഡ് ഷോ തുടങ്ങിയവയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കേർപ്പെടുത്തി. ആദ്യമായാണ് തിരഞ്ഞെടുപ്പുവേളയിൽ പൊതുയോഗങ്ങളും റോഡ് ഷോയും റാലികളും പാടില്ലെന്ന താത്‌കാലികവിലക്ക് കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ഇക്കാര്യത്തിൽ തുടർതീരുമാനമുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുശിൽ ചന്ദ്ര വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

vaccination certificates in 5 poll-bound states won't have PM's photo