പ്രതീകാത്മക ചിത്രം | Photo: Pixabay
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി സൂചന. ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആര്‍ടി പിസിആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്ന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവരോടാണ് ആര്‍ടിപിസിആര്‍ പരിശോധനാഫലം ചോദിക്കുന്നത്.
ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരോട് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട്. അതിനിടെ രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്യുന്നത്. വിവേചനപരമായ നടപടിയാവും അതെന്നും അദ്ദേഹം വ്യക്തമാക്കി.
വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയം വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
Content Highlights: Vaccinated passengers may not need RT-PCR report for domestic travel, discussion by govt underway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..