ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളവും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയ തോതില്‍ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് ചികിത്സാ രംഗത്ത് റെംഡെസിവര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മരുന്നാണ് ടോസിലിസുമാബ്. 45,000 വയൽ ടോസിലിസുമാബ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവുമധികം മരുന്ന് നല്‍കിയിട്ടുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 45,00 വയൽ ടോസിലിസുമാബ് കേരളത്തിന് നല്‍കി. മഹാരാഷ്ട്രയും കര്‍ണാടകയും കഴിഞ്ഞാല്‍ ഏറ്റവും കൂടിയ അളവില്‍ മരുന്ന് ലഭിച്ചത് കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ കോവിഡ് അനുബന്ധ ചികിത്സയില്‍പ്പെടുന്ന പ്രധാന മരുന്നായ ആഫോടെറിസിന്‍ ബി യുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് ചികിത്സയില്‍ വീഴ്ചവരാതിരിക്കാനുള്ള വലിയ ഉദ്യമം ആറ്റമിക് എനര്‍ജി വകുപ്പിന് കീഴിലുള്ള ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍, എന്‍ 95 മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധത്തിനാവശ്യമുള്ള വിവധ ഉപകരണങ്ങളും മറ്റ് സാമഗ്രികളുമാണ് ടാറ്റ മെമ്മേറിറല്‍ സെന്റര്‍ ഏകോപിപിച്ച് നല്‍കുന്നത്. 

സെന്ററുമായി ബന്ധപ്പെട്ട് കേരളത്തിലെ മൂന്ന് ആശുപ്രതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി നൂറോളം ആശുപത്രികള്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കിക്കൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിരോധ പരിപാടികള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം നേരത്തെ അനുവദിച്ച കാര്യം നേരത്തെ സൂചിപ്പിച്ചതാണെന്നും ഇത് പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: V. Muraleedharan on covid treatment medicine