വെങ്കട്ടരാമന്‍ കല്ല്യാണം എന്ന വി. കല്ല്യാണത്തെ ആദ്യമായി നേരിട്ടു കണ്ടത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഗാന്ധിജിയുടെ അവസാനനാളുകളില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കല്ല്യാണം ചെന്നൈയില്‍ ടി നഗറിലാണ് താമസിക്കുന്നതെന്നും പ്രായം 80 കഴിഞ്ഞിട്ടും ഈ മനുഷ്യന്‍ ഇപ്പോഴും തന്റെ വീടിനു മുന്നിലുള്ള തെരുവ് വൃത്തിയാക്കാന്‍ ചൂലുമായി ഇറങ്ങാറുന്നുണ്ടെന്നും അറിഞ്ഞപ്പോള്‍ ടെലിഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. ടെലിഫോണ്‍ എടുത്തത് കല്ല്യാണം തന്നെയായാരുന്നു. നേരില്‍ കണ്ട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍  എടുത്തടിച്ചതുപോലെ കല്ല്യാണം പറഞ്ഞത് ഇതാണ്: ''ഞാന്‍ തെരുവ് വൃത്തിയാക്കുന്ന ഫോട്ടോ എടുക്കണമെങ്കില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് വരണം. നിങ്ങള്‍ പത്രക്കാര്‍ക്ക് വേണ്ടി ചൂലും പിടിച്ച് പോസ് ചെയ്യാന്‍ എന്നെ കിട്ടില്ല.'' 

അതായിരുന്നു കല്ല്യാണം. ആരെയും കൂസാത്ത, തുറന്നടിച്ചുള്ള സംസാരം. കരുണാനിധിയെന്നോ ജയലളിതയെന്നോ മന്‍മോഹന്‍ സിങ്ങെന്നോ മോദിയെന്നോ ഇല്ല. മനസ്സില്‍ തോന്നിയത് തുറന്നു പറയും.

പുലര്‍ച്ചെ അഞ്ചു മണിക്ക് ടി നഗറിലെ വീട്ടിയെത്തിയാണ് ആദ്യം കണ്ടത്. പിന്നീട് എത്രയോ തവണ ആ വീട്ടിലേക്ക് പോയിരിക്കുന്നു. മലയാളത്തില്‍ ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ തന്നെക്കുറിച്ചുള്ള വാര്‍ത്ത വന്നാല്‍ സംഗതി എന്താണെന്ന് കൃത്യമായി പറയണമെന്നാവശ്യപ്പെട്ട് വിളിക്കുന്ന തരത്തില്‍ ആ പരിചയം വളര്‍ന്നു. വിഗ്രഹഭഞ്ജകനായിരുന്നു കല്ല്യാണം. ഗാന്ധിജിയെ അളവറ്റ് ഇഷ്ടപ്പെട്ടപ്പോഴും ഗാന്ധിസത്തെ വിമര്‍ശിക്കാന്‍ കല്ല്യാണത്തിന് മടിയുണ്ടായിരുന്നില്ല.

1945-ല്‍ 23 വയസ്സുള്ളപ്പോഴാണ് കല്ല്യാണം ഗാന്ധിജിയുടെ കൂടെ കൂടിയത്. സബര്‍മതി ആശ്രമത്തിലെത്തിയപ്പോള്‍ ഒരു അന്തേവാസിയുടെ ശൗചാലയം ശുദ്ധിയാക്കാന്‍ ഒരു പാത്രമെടുത്ത് കൈയ്യില്‍ തന്ന ഗാന്ധിജിയാണ് തന്റെ മനസ്സില്‍ എപ്പോഴുമുള്ളതെന്ന് കല്ല്യാണം പറയുമായിരുന്നു. വൃത്തി ഒരു തപസ്യ പോലെ കല്ല്യാണം ഏറ്റെടുത്തത് അന്നു മുതലാണ്. രണ്ടു കൊല്ലം മുമ്പ് 97-ാം വയസ്സിലും സ്വയം നടന്നുപോവാന്‍ ആവതുണ്ടായിരുന്നപ്പോള്‍ കല്ല്യാണം ചൂലുമായി പുറത്തേക്കിറങ്ങുമായിരുന്നു.

ഗാന്ധിജിയുടെ കൂടെ ജീവിച്ചപ്പോഴുണ്ടായിരുന്ന രസകരമായ സംഭവങ്ങള്‍ കല്ല്യാണം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റിലായിരുന്നു ഗാന്ധിജിയുടെ തീവണ്ടി യാത്രകള്‍. കല്ല്യാണം ഗാന്ധിജിയുടെ അടുത്തെത്തുമ്പോള്‍ മുഖ്യ സെക്രട്ടറി പ്യാരെലാല്‍ ആയിരുന്നു. ഒരു ദിവസം പ്യാരെലാല്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഗാന്ധിജിയുടെ കൂടെ തീവണ്ടിയില്‍ പോകേണ്ട ചൂമുതല കല്ല്യാണത്തിനായി. 

യാത്ര ഒരു സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ ടി.ടി.ഇ. ഗാന്ധിജിയുടെ കമ്പാര്‍ട്ട്മെന്റിലൂടെ കടന്നു പോയി. മൗനവ്രതത്തിലായിരുന്ന ഗാന്ധിജിയോട്് നമസ്‌കാരം പറഞ്ഞാണ് ടി.ടി.ഇ. പോയത്. അപ്പോള്‍ കല്ല്യാണത്തോട്  ടിക്കറ്റ് ടി.ടി.ഇയെ കാണിക്കാന്‍ ഗാന്ധിജി ഒരു പേപ്പറില്‍ എഴുതിക്കാണിച്ചു. കല്ല്യാണം ശരിക്കും അമ്പരന്നുപോയി. തീവണ്ടിയില്‍ ഗാന്ധിജിക്ക് സൗജന്യയാത്ര ആണെന്നായിരുന്നു കല്ല്യാണം കരുതിയത്. അതുകൊണ്ടുതന്നെ ഗാന്ധിജിക്ക് കല്ല്യാണം ടിക്കറ്റ് വാങ്ങിയിരുന്നില്ല. സംഗതി അറിഞ്ഞപ്പോള്‍ ഗാന്ധിജിയുടെ മുഖം ദേഷ്യംകൊണ്ട് തുടുത്തു. മൗനവ്രതമായിരുന്നതുകൊണ്ട് കല്ല്യാണത്തിന് വഴക്കൊന്നും കേട്ടില്ല. പക്ഷേ, ടി.ടി.ഇ. തിരിച്ചുവന്നപ്പോള്‍ പിഴയടക്കം കല്ല്യാണത്തെക്കൊണ്ട് കൊടുപ്പിക്കാന്‍ ഗാന്ധിജി മറന്നില്ല.

പലപ്പോഴും പറഞ്ഞുകൊടുത്ത് എഴുതിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തിരുന്നത്. മറ്റൊരു തീവണ്ടിയാത്രയില്‍ ഗാന്ധിജി കല്ല്യാണത്തെ വിളിച്ച് ഒരു എഴുത്ത് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. ടൈപ്പ്റൈറ്റര്‍ കൂടെ കരുതിയിട്ടില്ലെന്ന് കല്ല്യാണം പറഞ്ഞു. അപ്പോള്‍ ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു: ''ഒരു ബാര്‍ബര്‍ മുടിവെട്ടാന്‍ വരുമ്പോള്‍ കത്തി കൈയ്യിലുണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'' അതുകേട്ടപ്പോള്‍ ഗാന്ധിജിയോട് വല്ലാതെ അരിശം തോന്നിയെന്നും എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ ഗാന്ധിജി പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് മനസ്സിലായെന്നും കല്ല്യാണം പറഞ്ഞു.

ഗാന്ധിജിയുടെ കൂടെയുണ്ടായിരുന്നപ്പോള്‍ താന്‍ തികഞ്ഞ ഗാന്ധിയനായിരുന്നില്ലെന്നും കല്ല്യാണം പറയാറുണ്ടായിരുന്നു. ഗാന്ധിജി വൈസ്രോയിയുമായി ചര്‍ച്ച നടത്തുമ്പോള്‍ താനും വൈസ്രോയിയുടെ സെക്രട്ടറിയും ബിയര്‍ അടിക്കുമായിരുന്നൊണ് ഒരിക്കല്‍ കല്ല്യാണം പറഞ്ഞത്. അതീവരസകരമായ ഒരു ഹോബി കല്ല്യാണത്തിനുണ്ടായിരുന്നു. വിലയേറിയതും അപൂര്‍വ്വവുമായ മദ്യങ്ങളുടെ ശേഖരണം. 

സാധാരണ മനുഷ്യര്‍ സ്റ്റാമ്പും മറ്റും ശേഖരിക്കുന്നതുപോലെയാണ് കല്ല്യാണം ഈ മദ്യങ്ങള്‍ ശേഖരിച്ചിരുന്നത്. വര്‍ഷങ്ങളായി താന്‍ ഒരു തുള്ളി മദ്യം പോലും കഴിക്കാറില്ലെന്നും എന്നാല്‍ ഈ ശേഖരണം തനിക്കൊരു ഹരമാണെന്നും പറഞ്ഞ് കല്ല്യാണം ചിരിക്കുന്നത് ഇപ്പോഴും കണ്‍മുന്നിലുണ്ട്. ടി നഗറില്‍ കല്ല്യാണത്തിന്റെ വീട്ടിലെ സ്വീകരണമുറിയിലുള്ള ഷോകെയ്സില്‍ ഈ മദ്യക്കുപ്പികള്‍ നിരന്നിരിക്കുന്നത് വലിയ കൗതുകമായിരുന്നു.

കല്ല്യാണം പക്ഷേ, ഞെട്ടിച്ചത് ഗാന്ധിജിയുടെ അവസാനനിമിഷങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ്. 1948 ജനുവരി 30-ന് ഡല്‍ഹിയിലെ ബിര്‍ള ഹൗസില്‍ ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ചു കൊല്ലുമ്പോള്‍ കല്ല്യാണം തൊട്ടു പിന്നിലുണ്ടായിരുന്നു. ആ നിമിഷങ്ങള്‍ തനിക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന് കല്ല്യാണം പറയുമായിരുന്നു. ഇതിനൊപ്പം കല്ല്യാണം പറഞ്ഞതാണ് വലിയ വിവാദമായത്. വെടിയേറ്റ് നിലത്തേക്ക് വീഴുന്നതിനു മുമ്പ് ഗാന്ധിജി ഹേ റാം എന്ന് പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നായിരുന്നു കല്ല്യാണത്തിന്റെ വെളിപ്പെടുത്തല്‍. 

വലിയ കോലാഹലമുണ്ടായെങ്കിലും കല്ല്യാണം ഇതില്‍നിന്നു പിന്മാറിയില്ല. രാമനാമം ഉച്ചരിച്ചുകൊണ്ട് മരിക്കണമെന്നത് ഗാന്ധിജിയുടെ വലിയ ആഗ്രഹമായിരുന്നെന്നും എന്നാല്‍ വെടിയേറ്റു വീഴുമ്പോള്‍ ഇതിനുള്ള സമയമോ സാവകാശമോ ഗാന്ധിജിക്ക് കിട്ടിയിരുന്നില്ലെന്നുമാണ് കല്ല്യാണം പറഞ്ഞത്. ജീവിതകാലം മുഴുവന്‍ സത്യത്തിനായി നിലകൊണ്ട ഒരു മനുഷ്യനെക്കുറിച്ച് അസത്യം പറയരുതെന്നും കല്ല്യാണം പറയുമായിരുന്നു.

ഇടക്കാലത്ത് ഗാന്ധിജിയുടെ കത്തുകള്‍ വില്‍ക്കാന്‍ ശ്രമിച്ചു എന്നൊരാരോപണം കല്ല്യാണത്തിനെതിരെ ഉയര്‍ന്നിരുന്നു. സുഹൃത്തായ ഒരു അമേരിക്കന്‍ സന്യാസിക്ക് കൊടുത്ത കത്തുകള്‍ അദ്ദേഹം ലേലത്തിനു വെച്ചതാണ് വിവാദമായത്. സന്യാസി ഇങ്ങനെയൊരു പണി ചെയ്യുമെന്ന് താന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്നാണ് കല്ല്യാണം ഇതിനു മറുപടി പറഞ്ഞത്.

ഭാര്യ മരിച്ചതിനു ശേഷം ടി നഗറിലെ വീട്ടില്‍ തനിച്ചായിരുന്നു കല്ല്യാണത്തിന്റെ താമസം. മക്കളുടെ വീടുകളില്‍ പോയി താമസിക്കാന്‍ കല്ല്യാണത്തിന് മനസ്സുണ്ടായിരുന്നില്ല. ആരെയും ആശ്രയിക്കരുത് എന്ന സിദ്ധാന്തക്കാരനായിരുന്നു കല്ല്യാണം. ഒടുവില്‍ ഓര്‍മ്മയും ശരീരവും സ്വന്തം പിടിയില്‍ നില്‍ക്കാതെ വന്നപ്പോഴാണ് അദ്ദേഹം മക്കളുടെ അടുത്തേക്ക് മാറിയത്. എ

ന്താവശ്യത്തിനും എപ്പോള്‍  വേണമെങ്കിലും വിളിക്കാമെന്ന് കല്ല്യാണം പറയാറുണ്ടായിരുന്നു. ഒരിക്കല്‍ രാത്രി വളരെ വൈകി വിളിച്ചതിന് ക്ഷമ ചോദിച്ചപ്പോള്‍ കല്ല്യാണം പറഞ്ഞത് ഉറക്കം വളരെ കുറവാണെന്നും രാത്രി വിളിക്കുന്നതാണ് സൗകര്യമെന്നുമായിരുന്നു. ഒന്നാന്തരമൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും കല്ല്യാണത്തിനുണ്ടായിരുന്നു. മാലിന്യങ്ങള്‍ പൂക്കളാക്കി മാറ്റുന്ന വിദ്യ എത്രയോ കാലം മുമ്പ് നടപ്പാക്കിയ ആളായിരുന്നു കല്ല്യാണം. 

വര്‍ഗ്ഗിയതയോട് കല്ല്യാണത്തിന് ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ഗാന്ധിജിയെ കൊന്നത് വര്‍ഗ്ഗീയവാദികളാണെന്നും വര്‍ഗ്ഗീയത ഇന്ത്യയുടെ അര്‍ബ്ബുദമാണെന്നും കല്ല്യാണം ആവര്‍ത്തിച്ചു പറയുമായിരുന്നു.  വലിയ മരങ്ങള്‍ ഇല്ലാതാവുമ്പോള്‍ അവ നിന്നിരുന്ന ഇടങ്ങളില്‍ ഒരു വിടവുണ്ടാവും. വലിയൊരു അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ശൂന്യത. കല്ല്യാണം യാത്രയാവുമ്പോള്‍ ഈ ശൂന്യത തീര്‍ച്ചയായും അറിയുന്നുണ്ട്.

Content Highlights: V. Kalyanam, Close associate of Gandhiji no more, a memoir