ന്യുഡല്‍ഹി: അടുത്ത മൂന്ന് മാസം ഡല്‍ഹിയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് കോവിഡ് കേസുകളില്‍ വര്‍ധനവിന് കാരണമാകുമെന്നും അദ്ദേഹം ഡല്‍ഹി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 

ഡല്‍ഹിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് കേന്ദ്രവുമായി ആലോചിക്കണമെന്നും ജൂലൈ 9ന് നടന്ന ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ വി.കെ.പോള്‍ ശുപാര്‍ശ ചെയ്തു.

''പോസിറ്റിവിറ്റി നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും അണ്‍ലോക്ക് നടപടി കേസുകളുടെ വര്‍ധനവിന് കാരണമാകും,'' അദ്ദേഹം പറഞ്ഞു. 

മൂന്നാം തരംഗം വരും മാസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വി.കെ.പോള്‍ എടുത്തുപറഞ്ഞു. ''അടുത്ത മൂന്ന് മാസം പ്രധാനമാണ്, നമ്മള്‍ ജാഗരൂകരായിരിക്കണം.' അദ്ദേഹം മുന്നറിയിപ്പ് നല്‍കി

കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ കഠിനമാകാന്‍ സാധ്യതയില്ലന്ന് ഐ.സി.എം.ആര്‍. അംഗം ഡോ. സാമ്രിയന്‍ പാണ്ഡ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ കൂടുതല്‍ വ്യാപനശേഷിയുള്ള ഏതെങ്കിലും വകഭേദം വരികയും മതിയായ ലോക്ഡൗണ്‍ നടപടികളുടെ അഭാവവും ഉണ്ടായാല്‍ മാത്രമേ മൂന്നാമത്തെ തരംഗത്തിന് സാധ്യതയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ മുതല്‍ ലോക്ഡൗണിലായിരുന്ന ഡല്‍ഹിയില്‍ മെയ് 31ന് ഘട്ടംഘട്ടമായി അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചു. ഏപ്രില്‍ 20 ന് ദില്ലിയില്‍ 28,395 കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 22 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ശതമാനത്തിലധികമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ആകെ റിപ്പോര്‍ട്ട് ചെയ്തതത്  58 കേസുകള്‍ മാത്രമാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 0.09 ശതമാനമായി കുറഞ്ഞു.

Content Highlights: V K Paul warns Delhi to be carefulful, says next three months important