Photo: twitter.com/CNBCTV18 & Mathrubhumi
ന്യൂഡല്‍ഹി: ഇന്ത്യന്‍നിര്‍മിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെകിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന അവകാശവാദത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാരിയണ്‍ ബയോടെക്ക് എന്ന മരുന്നുനിര്‍മാണ കമ്പനിക്കെതിരേയാണ് അന്വേഷണം ആരംഭിച്ചത്.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും(നോര്‍ത്ത് സോണ്‍) ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പരിശോധനയ്ക്കായി മാരിയോണ്‍ ബയോടെക്കില്‍നിന്ന് ചുമമരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആരോപണമുയര്‍ന്ന ചുമമരുന്നിന്റെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
ചണ്ഡീഗഢിലെ റീജണല്‍ ഡ്രഗ്‌സ് ലാബിലേക്ക് മരുന്നിന്റെ സാമ്പികളുകള്‍ അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ഉസ്‌ബെകിസ്താനുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്നിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് മാരിയോണ്‍ ബയോടെക്ക് കമ്പനി അധികൃതരും പ്രതികരിച്ചു. 'സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. പരിശോധന ഫലം ലഭിക്കുന്നതനുസരിച്ച് കമ്പനിയും നടപടിയും സ്വീകരിക്കും. നിലവില്‍ മരുന്നിന്റെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്'- കമ്പനിയിലെ നിയമകാര്യ വിഭാഗം മേധാവി ഹസന്‍ റാസ പറഞ്ഞു.
നോയിഡയിലെ മാരിയോണ്‍ ബയോടെക്ക് കമ്പനി നിര്‍മിച്ച 'ഡോക്-1 മാക്‌സ്' ചുമമരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്നായിരുന്നു ഉസ്‌ബെകിസ്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന. ലാബില്‍ നടത്തിയ പരിശോധനയില്‍ മരുന്നില്‍ എഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഉസ്‌ബെക്കിസ്താന്‍ ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടിരുന്നു.
ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഫാര്‍മസിസ്റ്റുകളും രക്ഷിതാക്കളും നിര്‍ദേശിച്ചതുപ്രകാരം മരുന്ന് കഴിച്ച കുട്ടികള്‍ക്കാണ് മരണം സംഭവിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. രണ്ടുമുതല്‍ ഏഴുദിവസം വരെ മരുന്ന് കഴിച്ച കുട്ടികളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍നിന്നും 'ഡോക് 1 മാക്‌സ്' ടാബ് ലെറ്റും ചുമമരുന്നും പിന്‍വലിച്ചു. സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കാത്തതിന് ഏഴ് ജീവനക്കാരെ പുറത്താക്കുകയും ചെയ്തു.
Content Highlights: uzbekistan claims18 children dies after using indian cough syrup government launched investigation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..