U U Lalit | Photo: UNI
ന്യൂഡല്‍ഹി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്. ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് പിന്‍ഗാമിയുടെ പേര് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. അടിയന്തരാവസ്ഥ കാലത്ത് ചില വിചാരണ തടവുകാര്‍ക്ക് ജാമ്യം നല്‍കിയതിലുള്ള നീരസത്തെ തുടര്‍ന്ന് ഇന്ദിര ഗാന്ധി സ്ഥിരം ജഡ്ജി സ്ഥാനം നിഷേധിച്ച ജസ്റ്റിസ് യു.ആര്.ലളിതിന്റെ മകനാണ് യു.യു.ലളിത്.
ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി ആയിരുന്നു ജസ്റ്റിസ് യു.ആര്. ലളിത്. അടിയന്തരാവസ്ഥ കാലത്ത് കോടതികളില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ഇന്ദിര ഗാന്ധി. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാതിരുന്ന രാജ്യത്തെ അപൂര്‍വ്വം ജഡ്ജിമാരില്‍ ഒരാള്‍ ആയിരുന്നു ജസ്റ്റിസ് യു.ആര്.ലളിത്. പില്കാലത്ത് സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകന് ആയി പ്രാക്ടീസ് ചെയ്തിട്ടുണ്ട് അദ്ദേഹം.
1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിത് ജനിച്ചത്. 1983-ല്‍ അഭിഭാഷകന് ആയി എന്റോള്‍ ചെയ്തു. യു.ആര്. ലളിത് അഡീഷണല്‍ ജഡ്ജി ആയിരുന്ന ബോംബെ ഹൈക്കോടതിയിലാണ് മകന് യു.യു. ലളിത് 1983-ല്‍ പ്രാക്ടീസ് ആരംഭിക്കുന്നത്. 1986 ജനുവരിയില്‍ പ്രാക്ടീസ് ഡല്‍ഹിയിലേക്ക് മാറ്റി. 2004-ല്‍ സീനിയര്‍ അഭിഭാഷകന് ആയി. ഇതിനിടയില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയര്‍ ആയി ദീര്‍ഘകാലം പ്രാക്ടീസ് ചെയ്തിരുന്നു
ചീഫ് ജസ്റ്റിസ് പദവിയില്‍ ലഭിക്കുക 74 ദിവസം
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി യു.യു. ലളിതിനെ നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രാജ്യത്തെ നാല്പത്തി ഒമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ലളിത് ഓഗസ്റ്റ് 27-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2022 നവംബര്‍ എട്ടിന് ജസ്റ്റിസ് ലളിത് വിരമിക്കും. അഭിഭാഷകരില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജി ആയ ആറാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ലളിത്. എസ്.എം. സിക്രി, എസ്.സി റോയ്, കുല്‍ദീപ് സിംഗ്, എന്‍. സന്തോഷ് ഹെഡ്ഡെ, റോഹിങ്ടന്‍ നരിമാന് എന്നിവരാണ് ജസ്റ്റിസ് ലളിതിന് മുമ്പ് നേരിട്ട് സുപ്രീം കോടതി ജഡ്ജിമാരായ അഭിഭാഷകര്‍. ഇതില്‍ ജസ്റ്റിസ് എസ്.എം. സിക്രി രാജ്യത്തെ പതിമൂന്നാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു. അഭിഭാഷകരില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന രണ്ടാമത്തെ വ്യക്തിയാകും ജസ്റ്റിസ് ലളിത്.

2ജി കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍; ലാവലിന്‍ കേസിലെ ജഡ്ജി
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കേസ്സുകളില്‍ ഒന്നായ 2ജി കേസിലെ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു ജസ്റ്റിസ് യു.യു. ലളിത്. 2011 ജസ്റ്റിസ് മാരായ ജി.എസ്,സിംഗ്വിയും എ.കെ.ഗാംഗുലിയും അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് സീനിയര്‍ അഭിഭാഷകന് ആയിരുന്ന ലളിതിനെ കേസിലെ പബ്ലിക് പ്രോസിക്യുട്ടറായി നിയമിച്ചത്. എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നിലവില്‍ പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്. നേരത്തെ ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വിധി പുറപ്പടിവിച്ചത് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും അനുബന്ധ ട്രസ്റ്റുകളുടെയും വരവുചെലവ് കണക്കുകള്‍ പ്രത്യേക ഓഡിറ്റ് നടത്താന്‍ ഉത്തരവിട്ടതും ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് യു.യു.ലളിത്. ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന ബോംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കിയതും ജസ്റ്റിസ് ലളിത് ഉള്‍പ്പെട്ട ബെഞ്ചാണ്.
അയോധ്യ തര്‍ക്ക ഭൂമി കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രൂപീകരിച്ച ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് യു.യു.ലളിത് അംഗമായിരുന്നു. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് വേണ്ടി യു.യു.ലളിത് ഹാജരായിരുന്നു. ഇത് സീനിയര്‍ അഭിഭാഷകന് രാജീവ് ധവാന് ചൂണ്ടികാണിച്ചതോടെ ജസ്റ്റിസ് ലളിത് ബെഞ്ചില്‍ നിന്ന് പിന്മാറുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..