ഡെഹ്‌റാഡൂണ്‍: ഉത്തരഖാണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും. നാല് മാസത്തിനിടെ ഉത്തരാഖണ്ഡിനിത് മൂന്നാമത്തെ മുഖ്യമന്ത്രിയാണ് വരാനിരിക്കുന്നത്. 

മുഖ്യമന്ത്രിയായിരുന്ന തിരഥ് സിങ് റാവത്ത് വെള്ളിയാഴ്ച രാത്രി രാജിവെച്ചതോടെയാണ് സംസ്ഥാനത്ത് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ടി വരുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. ഈ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നടക്കുന്ന നേതൃമാറ്റം പാര്‍ട്ടിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

ആരെ തിരഞ്ഞെടുക്കുമെന്നതിലെ ആശയക്കുഴപ്പമാണ് ബിജെപി നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി. 'ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ ഒരു എംഎല്‍എയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കം' ഒരു ബിജെപി നേതാവ് പറഞ്ഞു.

നാലുമാസംമുമ്പാണ് തിരഥ് സിങ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഗ്രൂപ്പു വഴക്കുകളെത്തുടര്‍ന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി മാര്‍ച്ച് 10-നാണ് തിരഥ് സിങ് റാവത്തിനെ ബി.ജെ.പി. കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. 

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി നിയമസഭാ കക്ഷി യോഗത്തിലേക്ക് ദേശീയ നേതൃത്വത്തിന്റെ നിരീക്ഷകനായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറും എത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം കൗശികും യോഗത്തില്‍ സംബന്ധിക്കും.