ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് കാണാതായ 170 പേര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ പുനഃരാരംഭിച്ചു. ചമോലിയിലെ പ്രധാന നദികളില്‍ ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങള്‍ ഏഴുമണിയോടെ സംഭവസ്ഥലത്തെത്തും. 

സംസ്ഥാന ദുരന്ത നിവാരണ സേന നല്‍കുന്ന കണക്കുകള്‍ പ്രകാരം ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 170 പേരെ കാണാതായി. കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 16 പേരെയാണ് രക്ഷപ്പെടുത്തി. ഇതില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അളകനന്ദ നദിയിലെ 900 മീറ്റര്‍ നീളമുളള തപോവന്‍ ടണലില്‍ ഏകദേശം 40 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതില്‍ 12 പേരെ രക്ഷപ്പെടുത്തിയെന്ന് ഐടിബിപി വ്യക്തമാക്കി. ധൗലിഗംഗയിലെ ടണലില്‍ 30-35 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടാത്തുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് പവര്‍ പ്രൊജക്ടുകളുടെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പ്രധാനമായും അപകടത്തിന് ഇരയായിരിക്കുന്നത്.

അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയര്‍ന്നതും ദുര്‍ഘടമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്താനുളള ആധുനിക സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ചവരെയും ഇന്നലെ രാത്രി ദെഹ്‌റാദൂണില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ ഇന്ന് രാവിലെ ഏഴുമണിയോടെ സംഭവസ്ഥലത്തേക്ക് എയര്‍ലിഫ്റ്റ് ചെയ്യും. 

അളകനന്ദ നദി ഒഴുകുന്ന പ്രധാന മേഖലകളെല്ലാം പാടേ തകര്‍ന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒലിച്ചുപോയി. മിന്നല്‍ പ്രളയത്തില്‍ മുങ്ങിപ്പോയ ജോഷിമഠ് റോഡ് തുറന്നു. ഇവിടെ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്തതായി ഡി.ആര്‍.ഒ. അറിയിച്ചു. 

ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. അദ്ദേഹമായിരിക്കും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക. 


Content Highlights: Uttarakhand Glacier Breaks; Seven Dead, 170 Missing