ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡ് നിതി താഴ് വരയ്ക്ക് സമീപം വെള്ളിയാഴ്ച മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ എട്ട് പേരുടെ മൃതദേഹം സൈന്യം കണ്ടെത്തി. അതിര്‍ത്തി പ്രദേശത്തെ റോഡുകളുടെ നിര്‍മാണ-അറ്റകുറ്റ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് വൈകുന്നേരം ഉണ്ടായ അപകടത്തില്‍ പെട്ടത്. 384 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി സൈനിക വക്താവ് അറിയിച്ചു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. 

പ്രതികൂല കാലാവസ്ഥ രാത്രിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാസേന തിരച്ചില്‍ തുടരുന്നത്. സുംന-റിംഖിം റോഡില്‍ നിന്ന് നാല് കിലോ മീറ്റര്‍ അകലെ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ മഞ്ഞുമല ഇടിഞ്ഞതായി സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അപകടമുണ്ടായ സ്ഥലത്ത് ഒരു ബി.ആര്‍.ഒയും രണ്ട് തൊഴിലാളി ക്യാംപുകളും സ്ഥിതി ചെയ്യുന്നതായി വാര്‍ത്താക്കുറിപ്പിലുണ്ട്. പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയും മഞ്ഞും അനുഭവപ്പെട്ടിരുന്നു. 

അപകടമുണ്ടായ ഉടനെ തന്നെ സൈന്യം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ സൈനിക ക്യാപിലേക്ക് മാറ്റി. തൊഴിലാളി ക്യാംപുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടസ്ഥലത്തേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാല്‍ കൂടുതല്‍ രക്ഷാസേനാസംഘങ്ങളുടെ നീക്കത്തിനു തടസ്സമുണ്ടാക്കി. ഈ പാതകളിലെ തടസ്സം നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. 

കാലാവസ്ഥ പ്രതികൂലമായത് വെള്ളിയാഴ്ചത്തെ രക്ഷാപ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയിരുന്നു. ആദ്യം 55 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. കൂടുതല്‍ പേരം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബി.ആര്‍.ഒയും ജില്ലാ അധികൃതരുമായും നിരന്തരം സമ്പര്‍ക്കം തുടരുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകടവിവരം ധരിപ്പിച്ചതായും റാവത്ത് വ്യക്തമാക്കി. എല്ലാ വിധ സഹായവും നല്‍കുമെന്ന് അമിത് ഷാ അറിയിച്ചു.

Content Highlights: Glacier Breaks In Uttarakhand  Rescue Operations Continue