പ്രതീകാത്മക ചിത്രം | Photo: AFP
ദെഹ്‌റാദൂണ്‍ (ഉത്തരാഖണ്ഡ്): വിവാഹ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദം ഉയരുകയും ചെയ്തതോടെ മുസ്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പല്‍ ചെയര്‍മാനും ബിജെപി നേതാവുമായ യശ്പാല്‍ ബെനം ആണ് മെയ് 28-ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് എതിര്‍പ്പുയര്‍ന്നതോടെ വേണ്ടെന്നുവെച്ചത്. തത്കാലം വിവാഹം നടത്തേണ്ടെന്ന് തീരുമാനിച്ചതായി ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവര്‍ത്തകനായ തന്റെ മകളുടെ വിവാഹം പോലീസ് സുരക്ഷയോടെ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനവികാരം മാനിച്ച് വിവാഹം വേണ്ടെന്നുവെക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മകളും ഒരു മുസ്‌ലിം യുവാവും തമ്മിലുള്ള വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. രണ്ടുപേരുടെയും സന്തോഷകരമായ ഭാവിജീവിതം മുന്നില്‍ക്കണ്ടാണ് തീരുമാനമെടുത്തത്. വിവാഹം നടത്താന്‍ രണ്ട് കുടുംബങ്ങളും ധാരണയിലെത്തിയിരുന്നു. വിവാഹത്തിന് ക്ഷണിക്കുന്നതിനായി ക്ഷണപത്രം അച്ചടിച്ച് വിതരണം ചെയ്തിരുന്നു. അതിനിടെയാണ് ചില സംഭവങ്ങളുണ്ടായത്. ക്ഷണക്കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും എതിര്‍പ്പുകള്‍ ഉയരുകയും ചെയ്തു. ഇതോടെ വിവാഹ ചടങ്ങ് തല്‍ക്കാലം നടത്തേണ്ടതില്ലെന്ന് രണ്ട് കുടുംബങ്ങളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു, ബിജെപി നേതാവ് വ്യക്തമാക്കി.
ക്ഷണക്കത്ത് വൈറലായതിന് പിന്നാലെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ബിജെപി നേതാവിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. വിഎച്ച്പി, ശിവസേന, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിവാഹം നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് വിഎച്ച്പി നേതാവ് പറഞ്ഞിരുന്നു.
Content Highlights: Uttarakhand BJP leader cancels daughters marriage Muslim man
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..