ഡെറാഡൂണ്‍:  വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിശ്ചിത യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്ത് അറിയിച്ചു. 

സംസ്ഥാനത്ത് 13 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണുള്ളത്. ഇതില്‍ പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ വൈദ്യുതി ചാര്‍ജ് നല്‍കേണ്ടതില്ല. 101 മുതല്‍ 200 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. വൈദ്യുതി നിരക്കിന്റെ പകുതി മാത്രം ഈ വിഭാഗക്കാര്‍ നല്‍കിയാല്‍ മതിയാവും. 

രണ്ട് മാസം കൂടുമ്പോഴാണ് വൈദ്യുതി ബില്‍ നല്‍കുന്നത്. എന്നാല്‍ ഇളവ് നല്‍കുന്നത് പ്രതിമാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്ത് വിദൂരമേഖലകളിലും ഹില്‍ സ്റ്റേഷനുകളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തന്റെ സര്‍ക്കാരിന്റെ ഈ തീരുമാനം പ്രയോജനപ്പെടുമെന്നം അദ്ദേഹം പറഞ്ഞു. 

Content Highlights: Uttarakhand announces free and discounted electricity for domestic consumers up to certain units