ലഖ്‌നൗ: പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് പ്രത്യേക ആംബുലന്‍സ് സര്‍വീസ് ഒരുക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. 

515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്. പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം എര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നും മന്ത്രി അവകാശപ്പെട്ടു. ഗുരുതര രോഗങ്ങള്‍ ബാധിച്ച പശുക്കള്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ആളുകളുടെ പരാതി സ്വീകരിക്കാന്‍ ലഖ്‌നൗവില്‍ പ്രത്യേക കോള്‍ സെന്റര്‍ ആരംഭിക്കും. സേവനം ആവശ്യപ്പെട്ട് 15-20 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് പശുക്കളുടെ അടുത്തെത്തും. ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ആംബുലന്‍സിലുണ്ടാകും. 

ഡിസംബറോടെ പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മധുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി. 

content highlights: Uttar Pradesh to start cow ambulance service, the first in the country, says minister