ലക്നൗ: വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ പ്രത്യേക നിയമ നിർമാണം നടത്തിയതിന് പിന്നാലെ മിശ്രവിവാഹങ്ങൾക്ക് നൽകുന്ന പ്രോത്സാഹന പദ്ധതിയും പിൻവലിക്കാനൊരുങ്ങി യു.പി സർക്കാർ. മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് 50,000 രൂപ നൽകിവന്നിരുന്ന സർക്കാർ പദ്ധതി പിൻവലിക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം.
44 വർഷം പഴക്കമുള്ള പദ്ധതിയാണ് സർക്കാർ പിൻവലിക്കുന്നത്. 1976ൽ അന്നത്തെ ഉത്തർപ്രദേശ് സർക്കാരിന്റെ ദേശീയ ഇന്റഗ്രേഷൻ വകുപ്പാണ് മിശ്രവിവാഹ പ്രോത്സാഹന പദ്ധതി നടപ്പാക്കിയിരുന്നത്. പിന്നീട് യു.പിയിൽ നിന്ന് വിഭജിച്ച ഉത്താരാഖണ്ഡും പദ്ധതി നിലനിർത്തിയെങ്കിലും നിലവിൽ അവരും ഈ പദ്ധതി പിൻവലിക്കാനുള്ള ആലോചനയിലാണ്.
വിവാഹ ശേഷം ദമ്പതിമാരിൽ ആരെങ്കിലും ഒരാൾ മതംമാറിയാൽ പദ്ധതി ആനുകൂല്യം നഷ്ടമാകുമെന്ന നിയമഭേദഗതി 2017ൽ യു.പി സർക്കാർ കൊണ്ടുവന്നിരുന്നു. പദ്ധതി പ്രകാരം കഴിഞ്ഞ വർഷം 11 ദമ്പതിമാർക്ക് 50,000 രൂപ വീതം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം 2020ൽ നാല് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആർക്കും പദ്ധതി ആനുകൂല്യം നൽകിയിട്ടില്ല.
content highlights:After 'love jihad' law, Uttar Pradesh to now withdraw 4 decade old incentive scheme for interfaith marriages