ലക്‌നൗ: സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്. 

സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യുപി ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പോലീസ് പറഞ്ഞു. 

രഹസ്യവിവരത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുദംബയിലെ കുക്രെയില്‍ എന്ന സ്ഥലത്തുവെച്ച് പ്രത്യേകാന്വേഷണസംഘം ഇരുവരെയും പിടികൂടിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും റിക്രൂട്ട് ചെയ്യാനും ഇവര്‍ ശ്രമം നടത്തിയെന്നും പോലീസ് അറിയിച്ചു

content highlights: Uttar Pradesh STF has arrested two persons connected to PFI