ന്യൂഡല്‍ഹി: 'മഹത്തായ ഈ പട്ടണത്തെ തിരിച്ചറിയാന്‍ കഴിയുമോ?' ലോസ്റ്റ് ടെംപിള്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇങ്ങനെയൊരു കുറിപ്പോടെ ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒരു ക്ഷേത്രം, ദീപാലംകൃതമായ നദീതീരവും പടവുകളും, ആരാധന നടത്തുന്ന നിരവധി പേര്‍ ഇവയൊക്കെ ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ഒരു പ്രമുഖ ക്ഷേത്രപരിസരത്ത് നിന്ന് പകര്‍ത്തിയ മനോഹര ചിത്രമായിരുന്നു അത്. 

എന്നാല്‍ ഈ ചിത്രമല്ല, മറിച്ച് ആ പട്ടണവും  ക്ഷേത്രവും തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി  പോസ്റ്റ് ചെയ്ത ട്വീറ്റ് ആണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റായിമാറിയത്. ഉത്തര്‍പ്രദേശിലെ കാശിയും രത്‌നേശ്വര്‍ ക്ഷേത്രവുമായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. 

'എനിക്കറിയാം, കുറച്ച് വര്‍ഷം മുമ്പ് ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് കാശിയിലെ രത്‌നേശ്വര്‍ മഹാദേവ ക്ഷേത്രമാണ്', ലോസ്റ്റ് ടെംപിളിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി കുറിച്ചു.

ഒപ്പം താന്‍ 2017 നവംബറില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ ലിങ്കും അദ്ദേഹം കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദീപാവലി ആഘോഷവേളയിലെ ചിത്രങ്ങളാണ് മോദി 2017 ല്‍ ഷെയര്‍ ചെയ്തത്. 

പ്രധാനമന്ത്രിയുടെ ട്വീറ്റിനോട് ആയിരക്കണക്കിനാളുകളാണ് പ്രതികരിച്ചത്. ലോസ്റ്റ് ടെംപിളിന്റെ ട്വീറ്റിനോടും നിരവധി പേര്‍ പ്രതികരിച്ചു. 

Content Highlights: Uttar Pradesh's Kashi Ratneshwar Temple, Prime Minister Narendra Modi tweeted