ലഖ്‌നൗ: കോവിഡിന്റെ രണ്ടാംതരംഗം കൈകാര്യം ചെയ്തതില്‍ ഉത്തര്‍ പ്രദേശിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് കോവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്തത് അതുല്യമായ രീതിയിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലമായ വരണാസിയില്‍ സന്ദര്‍ശനം നടത്തവേ വ്യാഴാഴ്ച രാവിലെയായിരുന്നു മോദിയുടെ പരാമര്‍ശം. 

കോവിഡ് ഒന്നാംതരംഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് 7,016 ആയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ കണക്ക് മുപ്പതിനായിരത്തിനും മുകളിലെത്തി- പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശ് വൈറസിനോട് കാര്യക്ഷമതയോടെ പോരാടുകയും ചെയ്തു. ഇന്ത്യയില്‍ എറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യു.പി. എന്നിട്ടും ഉത്തര്‍ പ്രദേശ് മഹാമാരിയെ കൈകാര്യം ചെയ്തതും നിയന്ത്രിച്ചതും അഭിനന്ദനാര്‍ഹമാണ്. കോവിഡ് രണ്ടാംതരംഗത്തെ യു.പി. കൈകാര്യം ചെയ്തത് അതുല്യമായ രീതിയിലാണ്- മോദി പറഞ്ഞു. 

കോവിഡ് പശ്ചാത്തലത്തിലും കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയതിനെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിന് തൊട്ടുപിറ്റേന്നാണ് കോവിഡ് കൈകാര്യം ചെയ്തതിലെ സംസ്ഥാനത്തിന്റെ മികവിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. 

കോവിഡ് മൂന്നാംതരംഗം ഒഴിവാക്കുന്നതിന്റെ ഭാഗമായി, വമ്പന്‍കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയ്ക്കു ശേഷവും കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടി ഇന്ത്യന്‍ പൗരന്മാരെ അമ്പരപ്പിച്ചു കളയുന്നതായിരുന്നെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. 

content highlights: uttar pradesh's handling of second wave of covid unparalleled- prime minister narendra modi