അതുൽ റായ് | Photo: Facebook/AtulRai
ലഖ്നൗ: ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ശ്രദ്ധേയമായ കേസിലെ പ്രതിയായ ബിഎസ്പി എംപിയെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ 2019 മുതല്‍ ജയിലില്‍ കഴിയുന്ന അതുല്‍ റായ് എംപിയെ ആണ് ഇന്ന് വാരണാസി കോടതി കുറ്റവിമുക്തമാക്കിയത്. അതേസമയം മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ ജയില്മോചിതനാക്കിയിട്ടില്ല.
2019ലാണ് 24 വയസ്സുകാരിയുടെ പരാതിയില്‍ അതുല്‍ റായ്ക്കെതിരേ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ വാരണാസിയിലെ വീട്ടില്‍വെച്ച് അതുല്‍ റായ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്നാണ് കേസെടുത്തത്. അതേവര്‍ഷമാണ് തിരഞ്ഞെടുപ്പില്‍ അതുല്‍ റായ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതും. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം പോലീസില്‍ കീഴടങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പ് ജയിച്ചെങ്കിലും സത്യപ്രതിജ്ഞ നടത്തിയില്ലെന്നും ഇതിന് അനുവാദം നല്‍കണമെന്നും കാണിച്ച് പിന്നീട് അതുലിന്റെ അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തെ പരോള്‍ അലഹാബാദ് കോടതി അനുവദിച്ചതിനെ തുടര്‍ന്ന് പരോളിലിറങ്ങിയ അദ്ദേഹം 2020ല്‍ സത്യപ്രതിജ്ഞ നടത്തി.
കേസ് നടക്കുന്നതിനിടെ 2021ല്‍ കാമുകനൊപ്പം യുവതി സുപ്രീം കോടതിക്ക് സമീപം തീകൊളുത്തി ആത്മഹത്യാശ്രമം നടത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. യുവതിയുടെ ആണ്‍സുഹൃത്തും പൊള്ളലേറ്റ് മരണപ്പെട്ടിരുന്നു. ആത്മഹത്യയ്ക്ക് മുന്‍പ് ഫെയ്സ്ബുക്കില്‍ ലൈവ് വീഡീയോയും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗ കേസില്‍ അറസ്റ്റിലായ എംപിയെ രക്ഷിക്കാന്‍ പോലീസ് ഒത്തുകളിച്ചുവെന്നായിരുന്നു യുവതിയുടേയും സുഹൃത്തിന്റേയും ആരോപണം. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
തുടര്‍ന്ന് അതുല്‍ റായ് എംപിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റവും പോലീസ് ചുമത്തി. ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചെങ്കിലും അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
പരാതിക്കാരി മരണപ്പെട്ടതിനെ തുടര്‍ന്ന് അതുല്‍ റായിയെ കുറ്റവിമുക്തനാക്കണണെന്ന് ആവശ്യപ്പെട്ട് എംപിയുടെ അഭിഭാഷകന് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..