ലഖ്‌നൗ: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന കൊറോണ കര്‍ഫ്യൂ പിന്‍വലിച്ച് ഉത്തര്‍പ്രദേശ്. എല്ലാ  ജില്ലകളിലെയും സജീവ കോവിഡ് കേസുകളുടെ എണ്ണം അറുന്നൂറില്‍ താഴെ എത്തിയതിനു പിന്നാലെയാണ് നടപടി. അതേസമയം രാത്രികാലങ്ങളിലും വാരന്ത്യങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ തുടരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്. 

എല്ലാ ജില്ലകളിലെയും കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കുകയാണെന്നും സംസ്ഥാനത്ത് ആകെ 14,000 സജീവ കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. വാരാന്ത്യങ്ങളില്‍ ഒഴികെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകും. വൈകുന്നേരം ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യൂവും തുടരും. ബുധനാഴ്ച മുതല്‍ ഇത് നിലവില്‍ വരുമെന്നും സംസ്ഥാന സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 797 കേസുകള്‍ മാത്രമാണ് ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 14,000 സജീവകേസുകളാണുള്ളത്. തിങ്കളാഴ്ച 2.85 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.9 ശതമാനമാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ മുപ്പതിനാണ് ഉത്തര്‍ പ്രദേശില്‍ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. 

content highlights: uttar pradesh lifts corona curfew