ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തന്നെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടെന്ന് ഡോ. കഫീല്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് കഫീല്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗോരഖ്പുറിലെ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന കഫീല്‍ ഖാന്‍, 2017 ഓഗസ്റ്റ് 22 മുതല്‍ സസ്‌പെന്‍ഷനിലാണ്. 

ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് കഫീല്‍ ഖാനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തന്നെ കൂടാതെ ഏഴുപേരെ കൂടി സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട് തിരിച്ചെടുത്തതായി കഫീല്‍ പറയുന്നു.

സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ചു. ഡോക്ടര്‍മാരും ജീവനക്കാരുമായി എട്ടുപേര്‍ സസ്‌പെന്‍ഷനിലായി, ഏഴുപേരെ തിരിച്ചെടുത്തു. ചികിത്സാപ്പിഴവ്, അഴിമതി എന്നീ ആരോപണങ്ങളില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടും എന്നെ പുറത്താക്കി. രക്ഷിതാക്കള്‍ ഇപ്പോഴും നീതിക്കു വേണ്ടി കാത്തിരിക്കുകയാണ്- കഫീല്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു. നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്കൂ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്. 

സര്‍വീസില്‍നിന്ന് പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുകയാണെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: uttar pradesh government terminated my service- kafeel khan