ലഖ്‌നൗ: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങള്‍ തടഞ്ഞുകൊണ്ട് എസ്മ(എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട്) പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2021 മേയ് വരെയാണ് സമരങ്ങള്‍ക്ക് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് സര്‍ക്കാര്‍ എസ്മ പ്രഖ്യാപിച്ചത്.
അതേസമയം സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്നുവരെയാണ് ലഖ്‌നൗവിലെ നിരോധനാജ്ഞയുടെ കാലാവധി. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ലഖ്‌നൗവില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ടാകുന്നത് മുന്‍നിര്‍ത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവിന്റെ പ്രതികരണം. ജില്ലാ അധികൃതരെ മുന്‍കൂറായി അറിയിക്കാതെ ഒരു പരിപാടിക്കും അനുമതി ലഭിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ചില സംഘടനകള്‍ നവംബര്‍ 26ലെ ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യു.പി. സര്‍ക്കാര്‍ എസ്മ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എസ്മ ലംഘിച്ച് സമരത്തിന് ആഹ്വാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്. എസ്മ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടുമോ ലഭിക്കാം. മുന്‍പ് 2020 മേയ് 22നും യോഗി സര്‍ക്കാര്‍ എസ്മ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.
content highlights: uttar pradesh government invokes esma