മധുര: ഉത്തര്‍പ്രദേശിലെ കര്‍ഷകരെ പരിഹസിക്കാനാണോ കടം എഴുതിത്തള്ളല്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയില്‍ എഴുതിത്തള്ളുന്നത് തുച്ഛമായ തുകയാണ്. 

12 രൂപ, മൂന്ന് രൂപ, 1.5 രൂപ എന്നിവ എഴുതിത്തള്ളിയതിനു ശേഷം ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ ഒരു കര്‍ഷകന്റെ കടത്തില്‍ നിന്ന് ഒരു പൈസ എഴുതിത്തള്ളിയതായി അറിയിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തി. 

ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ കര്‍ഷകനായ ചിന്ദിക്കാണ് ഒരു പൈസയുടെ ബാധ്യത ഒഴിവായി കിട്ടിയത്‌.

ചിന്ദിക്ക് 1.55 ലക്ഷം രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കടമുള്ളത്. മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ കടം ഒഴിവായിക്കിട്ടും എന്നാണ് ചിന്ദി പ്രതീക്ഷിച്ചത്‌. 

റിന്‍ മോചന്‍ യോജനയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നുവെന്ന അറിയിപ്പ് ലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. 86 ലക്ഷം കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും ഇതിനായി 36,000 കോടി രൂപ വകയിരുത്തിയിട്ടിട്ടുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. 12 ലക്ഷം ആളുകള്‍ക്ക് ഇതിനോടകം കടം എഴുതിത്തള്ളി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

'ഇത് അധികൃതര്‍ക്ക് സംഭവിച്ച ഒരു അബദ്ധമാണോ അതോ യോഗി സര്‍ക്കാര്‍ കാണിക്കുന്ന ഒരു തമാശയാണോ എന്നാണ് ചിന്ദിയുടെ മകന്‍ ചോദിക്കുന്നത്. 2011-ലാണ് അച്ഛന്‍ കടമെടുത്തത്. സര്‍ക്കാര്‍ അറിയിച്ചത് പ്രകാരം തന്റെ കടത്തില്‍ നിന്ന് ഒരു ലക്ഷം രൂപ എഴുതിത്തള്ളണം. എന്നാല്‍, ഒരു പൈസമാത്രമാണ് വീടിയത്. ഈ കാര്യം ചൂണ്ടിക്കാട്ടി താന്‍ മൂന്ന് തവണ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍, ഇത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ ആരും തയാറായില്ലെന്നും' ചിന്ദിയുടെ മകന്‍ ബന്‍വാരി ലാല്‍ പറയുന്നു.

 

എന്നാല്‍, ഇത് സാങ്കേതിക പിഴവാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍ ചിന്ദിക്ക് ഒരു പൈസ മാത്രമാണ് പലിശയുള്ളതെന്നും അദ്ദേഹത്തിന് വേറെ അക്കൗണ്ട്‌ ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

എന്നാല്‍, ഈ അനുഭവമുണ്ടാകുന്ന ആദ്യത്തെ വ്യക്തിയല്ല ചിന്ദി. ആയിരക്കണക്കിന് കര്‍ഷകരാണ് തുച്ഛമായ തുക മാത്രം എഴുതിത്തള്ളിയതെന്ന് കാട്ടി പരാതി നല്‍കിയിരിക്കുന്നത്.