ദെഹ്‌റാദൂണ്‍: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള നടത്തുന്നതിനെക്കുറിച്ച്‌ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. 

കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാസംവിധാനങ്ങളും രാവും പകലും പ്രവര്‍ത്തിക്കുകയാണ്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തി കേന്ദ്രങ്ങളില്‍ ആളുകളെ പരിശോധിക്കുന്നുണ്ട്. കോവിഡ് റാന്‍ഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും തീരഥ് സിങ് റാവത്ത് കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, കുംഭ മേളയും ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മര്‍ക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളില്‍ തുറസ്സായ സ്ഥലങ്ങളിലാണ്. മാത്രമല്ല, കുംഭമേളയില്‍ വിദേശത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

മര്‍ക്കസ് നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. കോവിഡ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്. അത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. കോവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും ഇത് വിജയകരമായി നടത്തണമെന്നതും മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നത് ഉറപ്പുവരുത്തുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: utharakhand cm talks about kumbh mela