മുംബൈ: ഉപയോഗശൂന്യമായ മാസ്‌കുകള്‍ കൊണ്ട് മെത്തനിര്‍മാണം നടത്തി വരികയായിരുന്ന മഹാരാഷ്ട്രയിലെ ഒരു ഫാക്ടറി പോലീസ് അടച്ചു പൂട്ടി. ജല്‍ഗാവിലെ ഒരു ഫാക്ടറിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഫാക്ടറി അടച്ചു പൂട്ടിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കുന്നതിന് പകരം ഉപേക്ഷിച്ച മാസ്‌കുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ കിടക്ക നിര്‍മാണം. 

വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്. ഫാക്ടറിക്കുള്ളില്‍ നിന്നും പരിസരത്ത് നിന്നും മാസ്‌കുകളുടെ വന്‍ശേഖരം പോലീസ് കണ്ടെത്തി. ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡിഷണല്‍ പോലീസ് സുപ്രണ്ട് ചന്ദ്രകാന്ത് ഗവാലി  അറിയിച്ചു. ഫാക്ടറിയില്‍ കണ്ടെത്തിയ മാസ്‌ക് ശേഖരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസ് നശിപ്പിച്ചു. 

കോവിഡ് വ്യാപനം വര്‍ധിച്ചതോടെ മാസ്‌കുപയോഗവും അതോടൊപ്പം വര്‍ധിച്ചു. ഉപയോഗിച്ച മാസ്‌കുകളുടെ നിര്‍മാര്‍ജനം ഇന്ത്യയില്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നാണ് സൂചന. 2020 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ കോവിഡനുബന്ധ മാലിന്യങ്ങള്‍ 18,000 ടണ്‍ കടന്നതായാണ് കണക്ക്. ഇതില്‍ മാസ്‌കുകളും കൈയുറകളും പെടും. രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്നത് ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ വീണ്ടും കൂടാനിടയാക്കും. 

 

 

Content Highlights: Used Masks Instead Of Cotton In Mattresses  Maharashtra Factory Busted