മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിനായി മുംബൈയിലെത്തി ക്വാറന്റീനിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് തിവാരിയ്ക്ക് ഇന്റർനെറ്റ് പ്ലാറ്റ് ഫോമുകളിലൂടെ മുംബൈ പോലീസുദ്യോഗസ്ഥൻമാരുമായി ബന്ധപ്പെടാവുന്നതാണെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ബിഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കണമെന്ന ബിഹാർ സർക്കാരിന്റെ ആവശ്യം നിരസിച്ചു കൊണ്ടാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇക്കാര്യം അറിയിച്ചത്. വിനയ് തിവാരിയ്ക്ക് സൂം, ഗൂഗിൾ മീറ്റ്, ജിയോ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മുംബൈയിലെ അന്വേഷണോദ്യോഗസ്ഥരുമായി ചർച്ച നടത്താമെന്ന് ബിഹാർ സർക്കാരിനയച്ച കത്തിൽ മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.

ബിഹാറിൽ നിലവിലിരിക്കുന്ന കോവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്താണ് തീരുമാനമെന്നും വിനയ് തിവാരി കൂടിക്കാഴ്ച നടത്തുന്ന മഹാരാഷ്ട്ര പോലീസുദ്യോഗസ്ഥർക്ക് രോഗം പകരാതിരിക്കുന്നതിനും അവരിൽ നിന്ന് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടാകാതിരിക്കുന്നതിനും ഇതാണ് അനുയോജ്യമെന്ന നിലയ്ക്കാണ് ഓൺലൈൻ കൂടിക്കാഴ്ച നിർദേശിച്ചിരിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ മരണത്തിൽ കുടുംബവും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നടിയും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ റിയ ചക്രബർത്തിയ്ക്കെതിരെ സുശാന്തിന്റെ അച്ഛൻ കെ കെ സിങ് നൽകിയ പരാതിയെ തുടർന്ന് സുശാന്തിന്റെ മരണത്തിൽ നിലനിൽക്കുന്ന സംശയങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് പട്ന സിറ്റി പോലീസ് മേധാവിയായ വിനയ് തിവാരിയെ ബിഹാർ സർക്കാർ നിയോഗിച്ചത്. അന്വേഷണത്തിനായി മുംബൈയിലെത്തിയ ഉടനെ തന്നെ വിനയ് തിവാരിയോട് ക്വാറന്റീനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.

മുംബൈ പോലീസ് അന്വേഷണം തടസ്സപ്പെടുത്തുന്നതായി ബിഹാർ പോലീസ് ആരോപിക്കുന്നു. അതേ സമയം തനിക്കെതിരെ ബിഹാർ പോലീസ് തയ്യാറാക്കിയ എഫ്ഐആർ മുംബൈയിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് റിയ ചക്രബർത്തി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെ സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള സത്യം പുറത്തു വരണമെന്ന് കോടതി പറഞ്ഞിരുന്നു. റിയയുടെ ഹർജിയെ കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അഭിപ്രായമറിയിക്കാൻ ഇരു സംസ്ഥാനങ്ങളോടും സുശാന്തിന്റെ അച്ഛനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഹാജരാക്കമെന്ന് മുംബൈ പോലീസിനോടാവശ്യപ്പെട്ട കോടതി മുംബൈ പോലീസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ബിഹാർ സർക്കാരിന്റെ ആവശ്യം പരിഗണിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.