ചെന്നൈ: തട്ടിപ്പു നടത്തിയ 99 ഉദ്യോഗാര്‍ഥികള്‍ക്ക് ആയുഷ്‌കാല വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ടി.എന്‍.പി.എസ്.സി). കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ഗ്രൂപ്പ്- 4 പരീക്ഷയില്‍ തട്ടിപ്പു നടത്തിയവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ പുറത്തുവരുന്നത് വന്‍ പരീക്ഷാ തട്ടിപ്പിന്റെ ഉള്ളറകളാണ്. ദി ഹിന്ദു ദിനപത്രമാണ് ഇതു വെളിച്ചത്തു കൊണ്ടുവന്നത്.

എഴുതി മണിക്കൂറുകള്‍ക്കകം മാഞ്ഞുപോകുന്ന മഷി ഉപയോഗിച്ച് പരീക്ഷ എഴുതുകയും പിന്നീട് ഉത്തരക്കടലാസില്‍ ശരിയായ ഉത്തരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ആസൂത്രിതമായ തട്ടിപ്പാണ് തമിഴ്‌നാട് പി.എസ്.സിയുടെ പരീക്ഷകളില്‍ നടന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പിഎസ്.സി ഉദ്യോഗസ്ഥരും പരീക്ഷാ നടത്തിപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും ഇടനിലക്കാരുമടക്കം വലിയ ശൃംഖലകള്‍ ഉള്‍പ്പെട്ടിട്ടുള്ള തട്ടിപ്പാണ് തമിഴ്‌നാട്ടില്‍ നടന്നതെന്നാണ് അന്വേഷണ സംഘം കണ്ടത്തിയിരിക്കുന്നത്. 

തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പരീക്ഷയില്‍ ഉന്നത റാങ്ക് നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇവര്‍ ഉദ്യോഗാര്‍ഥികളെ സമീപിക്കുകയായിരുന്നു. ഇതിനായി 10-12 ലക്ഷം വീതമാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങിയിരുന്നത്. ഉദ്യോഗാര്‍ഥികളോട് തമിഴ്‌നാട്ടിലെ രാമേശ്വരം, കീലകരൈ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ സെന്ററുകളായി തിരഞ്ഞെടുക്കാന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.

പരീക്ഷ എഴുതാന്‍ രണ്ടു പേനകള്‍

തട്ടിപ്പിന്റെ അടുത്ത ഘട്ടം പരീക്ഷാ കേന്ദ്രങ്ങളിലാണ്. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ രണ്ടു പേനകള്‍ നല്‍കി. രജിസ്റ്റര്‍ നമ്പറും മറ്റും എഴുതുന്നതിന് ഒരു സാധാരണ പേനയും ഒബ്ജക്ടീവ് ഉത്തരത്തിന്റെ കോളങ്ങള്‍ പൂരിപ്പിക്കുന്നതിന് മറ്റൊരുപേനയും. ഉത്തരം അടയാളപ്പെടുത്തി, ഒരു മണിക്കൂറിനു ശേഷം മാഞ്ഞുപോകുന്ന വിധത്തില്‍ പ്രത്യേക മഷിയാണ് ഈ പേനയിലുള്ളത്. 

ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതി പേപ്പര്‍ ഉദ്യോഗസ്ഥരെ ഏല്‍പിക്കും. ഒരു മണിക്കൂറിനു ശേഷം മഷി മഞ്ഞുപോയാല്‍ ഉദ്യോഗസ്ഥര്‍ ഈ ഉത്തരക്കടലാസില്‍ ശരിയായ ഉത്തരങ്ങള്‍ രേഖപ്പെടുത്തും- ഇതാണ് തട്ടിപ്പിന്റെ രീതിയെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരമൊരു തട്ടിപ്പ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് ആദ്യമായാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറില്‍ നടത്തിയ ഗ്രൂപ്പ്- 4 പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ 39 പേര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചിരുന്നു. മൊത്തം 99 പേരാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ പരീക്ഷാ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്ന എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല. 

വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ശേഷം ഉത്തരക്കടലാസുകള്‍ ശേഖരിച്ച് അവ എത്തിക്കേണ്ട ഇടങ്ങളില്‍ എത്തിക്കുന്നതിനിടയിലുള്ള സമയംകൊണ്ടാണ് പരീക്ഷാ പേപ്പറുകളില്‍ ശരിയായ ഉത്തരം രേഖപ്പെടുത്തുന്നത്. കൂടുതല്‍ പരീക്ഷാ പേപ്പറുകള്‍ ഉണ്ടായിരുന്നതുകൊണ്ട് എല്ലാറ്റിലും ഉത്തരം രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സമയം ലഭിക്കാതിരുന്നതാണ് 99 പേരുടെയും ഉത്തരക്കടലാസില്‍ തിരിമറി നടത്താന്‍ സാധിക്കാതിരുന്നത്. ഇതോടെ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതെവന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്.

സംശയമുയര്‍ത്തി ശൂന്യമായ ഉത്തരക്കടലാസ്

പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനായി, പരീക്ഷ എഴുതിയ മറ്റുള്ളവരുടെയടക്കം പരീക്ഷാ പേപ്പറുകള്‍ പിന്നീട് പരിശോധിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ടി.എന്‍.പി.എസ്.സി അവസരം നല്‍കാറുണ്ട്. ഇത്തരത്തില്‍ ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് ഒറ്റ ഉത്തരം പോലും രേഖപ്പെടുത്താത്ത ഒരുകൂട്ടം ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. എന്നാല്‍, പരീക്ഷാ ഹാളില്‍നിന്ന് ഇന്‍വിജിലേറ്ററുടെ ഒപ്പും എഴുതിയ ഉത്തരങ്ങളുടെ എണ്ണവും ഈ ഉത്തരക്കടലാസുകളില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് തട്ടിപ്പ് നടന്നതായി വ്യക്തമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 24ന് മൂന്നു പേരെ സിബി-സിഐഡി അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇന്‍ട്രക്ഷന്‍ ഉദ്യോഗസ്ഥനായ ഇ. രമേഷ്, തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികളിലൊരാളായ ആര്‍. നിതീഷ് കുമാര്‍, 2017ല്‍ നടന്ന പരീക്ഷയില്‍ തട്ടിപ്പ് കാട്ടി ജോലിയില്‍ പ്രവേശിച്ച എം. തിരുമുരുകന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ രീതി ഉപയോഗിച്ച് മുന്‍പ് പലതവണ വിജയകരമായി തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഈ തട്ടിപ്പിലൂടെ ജോലിയില്‍ പ്രവേശിച്ച നിരവധി പേര്‍ ഇപ്പോള്‍ ഉദ്യോഗത്തില്‍ തുടരുന്നുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: use disappearing ink, re-mark answer sheets-fraud in TNPSC Group-IV Services examination