അയണ്‍ ഡോമിനെക്കാള്‍ കരുത്തന്‍: യു.എസ് ഭീഷണി തള്ളി എസ്-400 ഇന്ത്യയിലെത്തുമ്പോള്‍


പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുതിനും (ഫയൽ) |ഫോട്ടോ:എ.പി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമപ്രതിരോധശേഷിക്ക് കരുത്തേകാന്‍ റഷ്യന്‍നിര്‍മിത മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫ് എത്തി തുടങ്ങി.

ഇതിന്റെ ഘടകഭാഗങ്ങള്‍ കര-വ്യോമ മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ എത്തിച്ചതായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇക്കൊല്ലംതന്നെ വിന്യസിക്കാന്‍ കഴിയുംവിധമാണ് എസ്-400 കൈമാറ്റമെന്ന് റഷ്യയുടെ ഫെഡറല്‍ സര്‍വീസ് ഓഫ് മിലിട്ടറി ടെക്‌നിക്കല്‍ കോ-ഓപ്പറേഷന്‍ ഡയറക്ടര്‍ ദിമിത്രി ഷുഗയേവിനെ ഉദ്ധരിച്ച് എജന്‍സി വ്യക്തമാക്കി.

എസ്-400ന്റെ അഞ്ച് യൂണിറ്റ് വാങ്ങാന്‍ 2018-ലാണ് ഇന്ത്യ റഷ്യയുമായി 550 കോടി ഡോളറിന്റെ (40,000 കോടി രൂപ) കരാറില്‍ ഒപ്പിട്ടത്. ഇതില്‍ 80 കോടി ഡോളര്‍ (5900 കോടി രൂപ) കൈമാറുകയും ചെയ്തു. ഈ അഞ്ചെണ്ണത്തിന്റെ വിതരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയില്‍ നിന്ന് ഈ സംവിധാനം ഏറ്റെടുക്കുന്നതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

എസ്-400 ഉപയോഗിക്കാനുള്ള ഏതുരാജ്യത്തിന്റെയും തീരുമാനം അപകടകരമാണെന്ന് കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശിച്ച യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മന്‍ പറഞ്ഞിരുന്നു. എസ്-400 വാങ്ങിയതിന്റെ പേരില്‍ തുര്‍ക്കിക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്താണ് എസ്-400

ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായിട്ടാണ് എസ്-400 ട്രയംഫിനെ കണക്കാക്കുന്നത്. ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള കഴിവ് ഇതിനുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് ഒരു കവചമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ സംവിധാനം ഒരു ദീര്‍ഘദൂര ഉപരിതല-എയര്‍ മിസൈല്‍ സംവിധാനമാണ്.

റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത എസ്എ-21 ഗ്രോളര്‍ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400 നു നുഴഞ്ഞുകയറ്റ വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ നേരിടാന്‍ കഴിയുമെന്ന് യുഎസ് വ്യോമസേനയുടെ ജേണല്‍ ഫോര്‍ ഇന്‍ഡോ-പസഫിക് കമാന്‍ഡിന്റെ സമീപകാല ലേഖനത്തില്‍ പറയുന്നു.

നാല് തരം മിസൈലുകളാലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 9എം96ഇ, 9എം96ഇ2 (രണ്ടിന്റെയും ദൂരപരിധി 120 കിലോമീറ്റര്‍), 48എന്‍6ഡിഎം (ദൂരപരിധി 250 കിലോമീറ്റര്‍), 40എന്‍ 6 (ദൂരപരിധി 400 കിലോമീറ്റര്‍) എന്നിങ്ങനെയാണ് അവ.

600 കിലോമീറ്റര്‍ പരിധിയില്‍ 160 വസ്തുക്കള്‍ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റര്‍ പരിധിയില്‍ 72 വസ്തുക്കളെ ലക്ഷ്യമിടാനും ഇതിന് കഴിയുമെന്ന് ഒരു പഠനം പറയുന്നു.

പ്രവര്‍ത്തന രീതി

എസ്-400 വ്യോമ പ്രതിരോധ സംവിധാനം അത് സംരക്ഷിക്കേണ്ട പ്രദേശത്ത് ഒരു ആകാശ ഭീഷണി കണ്ടെത്തുകയാണെങ്കില്‍, ഭീഷണിയുടെ പാത സംവിധാനം മനസ്സിലാക്കുന്നു. തുടര്‍ന്ന് അതിനെ നേരിടാന്‍ മിസൈലുകള്‍ പ്രയോഗിക്കുന്നു.

കമാന്‍ഡ് വാഹനത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്ന ദീര്‍ഘദൂര നിരീക്ഷണ റഡാറുകള്‍ ഈ സംവിധാനത്തിലുണ്ട്. ലക്ഷ്യം തിരിച്ചറിയുമ്പോള്‍, കമാന്‍ഡ് വാഹനം മിസൈല്‍ വിക്ഷേപണത്തിന് ഉത്തരവിടുകയാണ് ചെയ്യുക.

ഈ വര്‍ഷം മേയില്‍ ഗാസയില്‍ നിന്ന് വരുന്ന റോക്കറ്റുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഇസ്രായേല്‍ അടുത്തിടെ ഉപയോഗിച്ച അയണ്‍ ഡോം എറെ ശ്രദ്ധനേടിയിരുന്നു. അതിനേക്കാള്‍ കരുത്തനാണ് എസ്-400 എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്-400-ന് ഒരു വലിയ പ്രദേശത്തെ വളരെ ദൂരെയുള്ള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാനുള്ള ശേഷിയുണ്ടെന്നാണ് പറയുന്നത്.

ഇന്ത്യ എസ്-400 വാങ്ങുന്നതിന്റെ ലക്ഷ്യം

പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും ഒരുപോലെ ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ നിന്നുള്ള മിസൈല്‍ അല്ലെങ്കില്‍ യുദ്ധവിമാനങ്ങള്‍ വഴിയുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നേടാന്‍ ഇന്ത്യക്ക് ഏറെ സഹായകരമാകും എസ്-400 സംവിധാനം. സ്വന്തം വ്യോമാതിര്‍ത്തിക്കുള്ളില്‍ പോലും എതിരാളിയുടെ വ്യോമ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ എസ്-400ന് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേ സമയം ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന എസ്-400 സംവിധാനം സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമേരിക്കയുടെ എംഎം-104 പാട്രിയോറ്റ് സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്-400ന് അഞ്ചു മിനിറ്റിനുള്ള മിസൈല്‍ വിന്യാസം നടത്താന്‍ കഴിയുമ്പോള്‍ യുഎസ് സംവിധാനത്തിന് 25 മിനിറ്റെടുക്കും. എസ്-400 സെക്കന്‍ഡില്‍ 4.8 കിലോമീറ്റര്‍ വേഗതയുള്ളപ്പോള്‍ എംഎം-104 പാട്രിയോറ്റിന് 1.38 കി.മീറ്റര്‍ വേഗതയാണുള്ളത്.

2018-ല്‍ എസ്-400ന്റെ അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത്. 24 മാസത്തിനകം ലഭ്യമാക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ നിരവധി കാരണങ്ങളാല്‍ വിതരണം താമസിച്ചു. 2019 ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് 2023 ഏപ്രില്‍ ആകുമ്പോഴേക്കും വിതരണം പൂര്‍ത്തീകരിക്കുമെന്നാണ്.

എസ്-400 കൈകളിലുള്ള രാജ്യങ്ങള്‍

നിരവധി രാജ്യങ്ങള്‍ റഷ്യയുടെ എസ്-400 നോട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെലാറസ് 2007-ലാണ് റഷ്യയോട് ഈ സംവിധാനം ആവശ്യപ്പെട്ടത്. 2016-ല്‍ അവര്‍ ആദ്യ ഡെലിവറി ലഭിച്ചു. 2014-ല്‍ അള്‍ജീരിയ 2014-ല്‍ ഓര്‍ഡര്‍ ചെയ്തു, അവര്‍ക്ക് 2015-ല്‍ ആദ്യ യൂണിറ്റ് ലഭിച്ചു. 2017-ലാണ് തുര്‍ക്കി ഓര്‍ഡര്‍ ചെയ്തത്. 2019-ല്‍ വിതരണം നടന്നു. ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

യുഎസിന്റെ അതൃപ്തി

എസ്-400 ഇന്ത്യ റഷ്യയില്‍ നിന്ന് സ്വന്തമാക്കുന്നതില്‍ യുഎസിനുള്ള അതൃപ്തിക്ക് നിരവധി കാരണങ്ങളുണ്ട്്. പരമ്പരാഗതമായി പ്രതിരോധ സംവിധാനങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറ്റുക എന്നതാണ് ഒരു കാരണം. 2011-15-ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതിക്കാരായിരുന്നു അമേരിക്കയെങ്കില്‍ 2016-20ല്‍ ഇത് യുഎസിനെ നാലാമതെത്തിച്ചിരുന്നു. എസ്-400 സംവിധാനം വാങ്ങിയാല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് യുഎസ് ഇതിനോടകം തന്നെ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്ക് മേല്‍ ഈ സംവിധാനം വാങ്ങിയതിന്റെ പേരില്‍ 2020-ഡിസംബറില്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം യുഎസില്‍ നിന്ന് 30 സായുധ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം എസ്-400 വാങ്ങുന്നതിലുള്ള അതൃപ്തി മറികടക്കാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 22500 കോടി രൂപയുടെ ഡ്രോണുകള്‍ വാങ്ങനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented