ന്യൂഡല്‍ഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ നടപടിയില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക. പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. 

ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മൈക്ക് പോംപിയോ കഴിഞ്ഞദിവസം രാത്രിയിലാണ് അജിത് ഡോവലുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഫെബ്രുവരി 26-ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച മൈക്ക് പോംപിയോ ഭീകരവാദത്തിനെതിരായ എല്ലാനടപടികള്‍ക്കും കൂടെയുണ്ടാകുമെന്നും ഉറപ്പുനല്‍കി. 

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പുകളടക്കം തകര്‍ത്ത വ്യോമാക്രമണത്തില്‍ മുന്നൂറിലേറെ ഭീകരരെ വധിച്ചിരുന്നു. 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം. 

Content Highlights: us state secretary supports india's action against pak terror camps