ന്യൂഡല്‍ഹി: മാവാവോദികളുടെ സംഘടനയായ സിപിഐ(മാവോയിസ്റ്റ്) ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയാണെന്ന് അമേരിക്ക. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സിപിഐ മാവോയിസ്റ്റ് കഴിഞ്ഞവര്‍ഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്ക്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 833 സംഭവങ്ങളിലായി 240 പേര്‍ മരിച്ചെന്നാണ് വിവരം. 

താലിബാന്‍, ഐ.എസ്, അല്‍-ശബാബ്(ആഫ്രിക്ക), ബൊക്കോ ഹറാം(ആഫ്രിക്ക), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സ് തുടങ്ങിയവയാണ് ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍. ഇവയ്ക്ക് പിന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ സ്ഥാനം. 

ഭീകരവാദം ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും ഇന്ത്യയിലെ 57 ശതമാനം ഭീകരാക്രമണങ്ങളും ജമ്മു കശ്മീരിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും യു.എസ്. സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോകത്ത് ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയാണ് ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സിപിഐ മാവോയിസ്റ്റ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയ്ബ  എന്നീ ഭീകരസംഘടനകളാണ് തൊട്ടുപിന്നിലുള്ളത്. 

ഇവയ്‌ക്കെല്ലാം പുറമേ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്റ്, ഐ.എസ്. ജമ്മു കശ്മീര്‍ തുടങ്ങിയ സംഘടനകള്‍ ഇന്ത്യയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിലെ പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ച ബാലക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. 

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെയും കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ച് പ്രതികരിക്കാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനം തടയുന്നതിനായി കഴിഞ്ഞവര്‍ഷങ്ങളില്‍ സുപ്രധാനചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ഭീകരവാദം ബാധിച്ചിട്ടുണ്ടെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട്. 2018-ല്‍ 671 ഭീകരാക്രമണങ്ങളിലായി 971 പേര്‍ കൊല്ലപ്പെട്ടെന്നും ജമ്മു കശ്മീരിന് ശേഷം ഛത്തീസ്ഗഢിലാണ് ഏറ്റവുമധികം ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും യു.എസ്. സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഭീകരവാദത്തെ നേരിടുന്നതിനായി  പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ജി.യുടെ പ്രവര്‍ത്തനം അംഗസംഖ്യ കുറവായതിനാല്‍ പരിമിതമാണെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടിലുണ്ട്. 

Content Highlights: us state departments report says cpi maoist sixth terror outfit in the world