ന്യൂഡല്‍ഹി: ഇന്ത്യയിലെ സംഭവവികാസങ്ങളെ കുറിച്ച് അമേരിക്ക മൗനംപാലിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍ യുഎസ് അംബാസഡര്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു രാഹുലിന്റെ അഭിപ്രായപ്രകടനം. യുഎസിന്റെ ഭരണഘടനയില്‍ സ്വാംശീകരിച്ചിരിക്കുന്ന സ്വാതന്ത്ര്യം മുന്‍നിര്‍ത്തി അമേരിക്കന്‍ ജനാധിപത്യത്തെ ഗഹനമായ ആശയമായാണ് താന്‍ കരുതുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ലോകത്തിലെ വിവിധ ജനാധിപത്യവ്യവസ്ഥകളുടെ വീക്ഷണത്തെ കുറിച്ചുള്ള ചര്‍ച്ച കടന്നു വന്നപ്പോഴായിരുന്നു രാഹുലിന്റെ യുഎസിനെതിരെയുള്ള പരാമര്‍ശം. ചൈനയുടേയും റഷ്യയുടേയും പരുക്കന്‍ കാഴ്ചപ്പാടിനെതിരെ ജനാധിപത്യവ്യവസ്ഥ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്ന ബേണിനെ പ്രതിരോധിച്ചു കൊണ്ടാണ് യുഎസ് മൗനം പാലിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയത്. 

ആരോഗ്യപരമായ രാഷ്ട്രീയ പോരാട്ടമാണ് പ്രതിപക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ഭരണഘടനാസംവിധാനം ഭരണകക്ഷിയായ ബിജെപി മൊത്തമായി കൈപ്പിടിയിലൊതുക്കിയിരിക്കുന്ന അവസ്ഥയില്‍ പ്രതിപക്ഷ ഇടപെടല്‍ ഇന്ത്യയില്‍ അസാധ്യമായി തീര്‍ന്നിരിക്കുകയാണ്. ആരോഗ്യപരമായ തിരഞ്ഞെടുപ്പിന് സംരക്ഷണം ഉറപ്പു നല്‍കുന്ന നിയമവ്യവസ്ഥ ആവശ്യമാണ്, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമമേഖല ഉണ്ടായിരിക്കണം, സമ്പദ്ഘടന ഭദ്രമായിരിക്കണം, എന്നാല്‍ അതൊന്നും ഇന്ത്യയില്‍ ഇപ്പോള്‍ ഇല്ല, രാഹുല്‍ പറഞ്ഞു. 

ബിജെപിയുടെ പെരുമാറ്റരീതി ഭൂരിഭാഗം ജനങ്ങളേയും ചുരുങ്ങിയ സമയംകൊണ്ട് അതൃപ്തരാക്കിയിരിക്കുകയാണ്. കഴിയുന്നത്ര വേഗത്തില്‍ അവരെ ഏകീകരിക്കേണ്ടത് ആവശ്യമാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വികസനോന്മുഖമായ നയങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കാതെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാവും താന്‍ കൂടുതല്‍ പ്രാധാന്യം  നല്‍കുന്നതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതിനെ കുറിച്ചുള്ള ബേണിന്റെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.

 

Content Highlights: US Silent About What Is Happening In India Says Rahul Gandhi