ന്യൂഡല്‍ഹി: ത്രിദിന യു.എസ്. സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ 157 കരകൗശല വസ്തുക്കളും പുരാവസ്തുക്കളും മടക്കിനല്‍കി അമേരിക്കന്‍ സര്‍ക്കാര്‍. കരകൗശല-പുരാവസ്തുക്കള്‍ ഇന്ത്യക്ക് മടക്കി നല്‍കിയ യു.എസ്. സര്‍ക്കാരിനെ മോദി അഭിനന്ദിച്ചു.

സാംസ്‌കാരിക വസ്തുക്കളുടെ മോഷണം-അനധികൃത വില്‍പന- കടത്തല്‍ എന്നിവ തടയാനുള്ള നീക്കം ശക്തിപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ പുരാതന-കരകൗശല വസ്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറിയത്.

image 2

തിരികെ ലഭിച്ചതില്‍ അധികവും 11-14 നൂറ്റാണ്ടിലെ വസ്തുക്കളാണ്. ഹിന്ദു-ബുദ്ധ-ജൈന മതവുമായി ബന്ധമുള്ള ചെറുപ്രതിമകളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഹിന്ദുമതവുമായി ബന്ധപ്പെട്ട 60 ചെറുപ്രതിമകളും ബുദ്ധമതവും ജൈനമതവുമായി ബന്ധപ്പെട്ട 16-ഉം 9-ഉം ചെറുപ്രതിമകളും തിരികെ ലഭിച്ചിട്ടുണ്ട്. പുരാവസ്തുക്കളും കരകൗശല വസ്തുക്കളും ലോഹം, കല്ല്, ചുട്ട കളിമണ്ണ് തുടങ്ങിയവയില്‍ നിര്‍മിച്ചിട്ടുള്ളവയാണ്. ലക്ഷ്മി നാരായണ, ബുദ്ധ, വിഷ്ണു, ശിവപാര്‍വതി, തീര്‍ഥങ്കരന്മാര്‍ എന്നിവരുടെ വെങ്കലരൂപങ്ങളും ഉള്‍പ്പെടുന്നതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. റെഡ് സാന്‍ഡ് സ്റ്റോണില്‍ നിര്‍മിച്ച ഇരിക്കുന്ന ശൈലിയിലുള്ള ബുദ്ധ പ്രതിമയും തിരികെ ലഭിച്ചിട്ടുണ്ട്. 

image

ഇന്ത്യയുടെ കരകൗശല-പുരാവസ്തുക്കള്‍ മറ്റു രാജ്യങ്ങളില്‍നിന്ന് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഊര്‍ജിതമായി നടപ്പാക്കിയിരുന്നു. 2014-നും 2021-നും ഇടയില്‍ ഇരുന്നൂറിലധികം പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയോ അതിന്റെ നടപടികള്‍ പുരോഗമിക്കുകയോ ചെയ്യുന്നുണ്ട്. യു.എസ്., ഓസ്‌ട്രേലിയ, സിംഗപ്പുര്‍, ജര്‍മനി, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തിയ 119-ഓളം പുരാവസ്തുക്കള്‍ മടക്കിക്കൊണ്ടുവരുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്.

content highlights: us returns 157 artefacts and antiquities to india