ന്യൂഡല്‍ഹി: അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇന്ത്യ - യു.എസ് ബന്ധത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കാനുള്ള സാധ്യതയില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രംഗ്ല. ബന്ധം ഉഭയകക്ഷി പിന്തുണയുടെ അടിസ്ഥാനത്തില്‍ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ത്യയും യുഎസ്സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വ്യക്തമാക്കിയതാണ്. ഡൊണാള്‍ഡ് ട്രംപിനും ഈ നിലപാട് തന്നെയാണ് ഉള്ളതെന്നും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖ്യത്തില്‍ ശ്രംഗ്ല പറഞ്ഞു. 

'ഉഭയകക്ഷി പിന്തുണയുടെ അടിസ്ഥാനത്തിലുള്ളതാണ് അമേരിക്കയുമായി നമുക്കുള്ള ബന്ധം. കോണ്‍ഗ്രസിലും പൊതുവെയും ഇക്കാര്യം കാണാന്‍ കഴിയും. അമേരിക്കയുമായി വളരെ മികച്ച ബന്ധമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നാണ് നാം വിശ്വസിക്കുന്നത്. എല്ലാ പരീക്ഷണ ഘട്ടങ്ങളെയും അതിജീവിക്കാന്‍ അതിന് കഴിയും. സമഗ്രവും ബഹുമുഖവുമാണ് അത്' - ശ്രംഗ്ല അഭിപ്രായപ്പെട്ടു. 

ഒരേ മൂല്യങ്ങളും തത്വങ്ങളുമാണ് ഇരുരാജ്യങ്ങളും പിന്തുടരുന്നത് എന്നുമാത്രമല്ല, പ്രാദേശികവും ബഹുമുഖവും ഉഭയകക്ഷി തലത്തിലുമുള്ള ബന്ധങ്ങളില്‍ തന്ത്രപരമായ ഒരേ കാഴ്ചപ്പാടാണ് ഇരുരാജ്യങ്ങള്‍ക്കും ഉള്ളത്. പ്രധാനമന്ത്രിക്ക് ട്രംപുമായുള്ള സൗഹൃദം സവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ബരാക്ക് ഒമാബയുമായും മോദിക്ക് സവിശേഷമായ സൗഹൃദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലഡാക്കിലെ സ്ഥിതിഗതികള്‍ ഇന്ത്യ - ചൈന ബന്ധത്തില്‍ അകല്‍ച്ചയുണ്ടാക്കി. നിലവിലെ സ്ഥിതിക്ക് മാറ്റംവരുത്താന്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായ നീക്കമാണ് രണ്ടുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്ത് ചൈന കൈയേറ്റം നടത്തിയോ എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കി. ' അതിര്‍ത്തിയെ സംബന്ധിച്ച ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ പൊതുവായ ധാരണയില്ലെന്ന കാര്യം നാം ഓര്‍ക്കണം. എന്നാല്‍ നിലവില്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് വ്യതിചലിക്കാനുള്ള ശ്രമം ഉണ്ടായാല്‍ അത് ബന്ധങ്ങളെ ബാധിക്കുകതന്നെ ചെയ്യും' - അദ്ദേഹം പറഞ്ഞു. 

ചൈനയുടെ ഭാഗത്തുനിന്നാണ് അത്തരത്തിലുള്ള നീക്കമുണ്ടായത്. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. നാം ഉറച്ച നിലപാടോടെ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമം നടത്തും. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.

ഇന്ത്യയിലേത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന വിമര്‍ശമുന്നയിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹം കടുത്ത ഭാഷയില്‍ മറുപടി നല്‍കി. ഒസാമ ബിന്‍ ലാദനും താലിബാന്‍ നേതാവായിരുന്ന മുല്ല ഒമറിനും സുരക്ഷിത താവളം ഒരുക്കിയ രാജ്യത്തെ പ്രധാനമന്ത്രിയാണ് ഇന്ത്യക്കെതിരെ വിമര്‍ശം ഉന്നയിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ ഉയര്‍ന്ന തുക കടമെടുത്തിട്ടുള്ള രാജ്യമാണത്. അവിടുത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കാനുള്ള ശ്രമം നടത്തുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇന്ത്യക്കെതിരായ പരാമര്‍ശങ്ങളിലൂടെ ഇമ്രാന്‍ നടത്തുന്നത്. പാകിസ്താന്റെ നിലവിലെ സാഹചര്യവും മൗലികവാദവും ഭീകരവാദവും സംബന്ധിച്ച സമീപനവും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന മറ്റുപ്രശ്‌നങ്ങളും കണക്കിലെടുത്തിരുന്നുവെങ്കില്‍ അത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്താന്‍ ഇമ്രാന്‍ ഖാന് കഴിയുമായിരുന്നില്ലെന്നും ശ്രംഗ്ല കുറ്റപ്പെടുത്തി.

Content Highlights: US Election 2020: Outcome unlikely to affect India - US ties - Foreign secretary