മുംബൈ : ബോളിവുഡ് താരം ഊര്‍മിള മാംതോഡ്കര്‍ ഒരിടവേളക്കുശേഷം വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്. ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേന അംഗത്വമെടുത്തത്.  നിയമസഭാ കൗണ്‍സിലിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

കലാകാരി എന്നനിലയിലാണ് ഊര്‍മിളയുടെ നോമിനേഷന്‍. ഗവര്‍ണര്‍ നോമിനേഷന്‍ അംഗീകരിച്ചാല്‍ അവര്‍ എം.എല്‍.സി. ആകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി. യുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടിതിനുശേഷം ഊര്‍മിള രാഷ്ട്രീയം വിട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഊര്‍മിള.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ വിമര്‍ശിച്ചാണ് അവര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. അടുത്തയിടെ ബോളിവുഡിനെതിരേ നടി കങ്കണ റണൗട്ടിന്റെ ആരോപണങ്ങള്‍ക്ക് ഊര്‍മിള മറുപടിയുമായി രംഗത്തു വന്നിരുന്നു. ശിവസേന അവരെ പാര്‍ട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.