ന്യൂഡല്‍ഹി: വളമായി ഉപയോഗിക്കുന്ന യൂറിയ ഉല്‍പാദിപ്പിക്കുന്നതിന് മൂത്ര ബാങ്ക് രൂപവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പ്രാദേശികമായി യൂറിയ ഉല്‍പാദിപ്പിക്കുന്നതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് ആവശ്യത്തിന് യൂറിയ ലഭ്യമാക്കുന്നതിനാണ് പദ്ധതി. മനുഷ്യ മൂത്രം ശേഖരിക്കുന്നതിന് ഓരോ താലൂക്കിലും മൂത്ര ബാങ്കുകള്‍ രൂപവത്കരിക്കും. മനുഷ്യ മൂത്രത്തില്‍ വളരെയേറെ നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. കര്‍ഷകര്‍ ഈ കേന്ദ്രങ്ങളില്‍ മൂത്രം ശേഖരിച്ച് എത്തിക്കും. തുടര്‍ന്ന് മൂത്രം സംസ്‌കരിച്ച് യൂറിയ ഉല്‍പാദിപ്പിക്കും- ഗഡ്കരി പറഞ്ഞു.

മൂത്ര ബാങ്കുകള്‍ രൂപവത്കരിക്കുന്ന പദ്ധതി സ്വീഡിഷ് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ആശയം പ്രാരംഭ ഘട്ടത്തിലാണെന്നും നടപ്പാക്കുന്നതിന് ഇനിയും നിരവധി കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും ഗഡ്കരി പറഞ്ഞു.