ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ ആറ് ജില്ലകളില്‍ കുടിവെള്ള സ്രോതസ്സുകളില്‍ അപകടകരമാം വിധം അളവില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന അളവില്‍ മൂന്നോ നാലോ ഇരട്ടിയില്‍ അധികമാണ് വെള്ളത്തില്‍ കണ്ടെത്തിയ യുറേനിയത്തിന്റെ തോത്. ഒരു ലിറ്ററിന് 15 മൈക്രോ ഗ്രാം എന്നതാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച കണക്ക്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഇത് 30 മൈക്രോഗ്രാം വരെ ഉയര്‍ത്തിയിട്ടുണ്ട്. ഇതിലും ഉയര്‍ന്ന പരിധിയിലാണ് ഇപ്പോള്‍ യുറേനിയം സാന്നിധ്യം കണ്ടെത്തിയത്.
ഛത്തീസ്ഗഡിലെ ദുര്‍ഗ്, രാജ്നന്ദ്ഗാവ്,കാങ്കര്‍, ബെമെതാര, ബലോഡ്, കവര്‍ധ എന്നിവിടങ്ങളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിലാണ് യുറേനിയം കണ്ടെത്തിയത്. ലിറ്ററിന് 100 മൈക്രോഗ്രാമില്‍ കൂടുതലാണ് ഇവിടത്തെ യുറേനിയം സാന്നിധ്യം. ബാലോദിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു സാമ്പിളില്‍ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറില്‍ നിന്നുള്ള മറ്റൊരു സാമ്പിളില്‍ 106 മൈക്രോഗ്രാമും കണ്ടെത്തി. ലിറ്ററിന് 86 മുതല്‍ 105 മൈക്രോഗ്രാം വരെ യുറേനിയമാണ് ആറ് ജില്ലകളിലെയും ശരാശരി.
ആണവ റിയാക്ടറുകളില്‍ ഇന്ധനമായാണ് യുറേനിയം ഉപയോഗിക്കുന്നത്. കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് വര്‍ധിക്കുന്നത് കാന്‍സര്‍, ശ്വാസകോശ, ത്വക്ക്, വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുറേനിയം കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് നാല് യുറേനിയം നിക്ഷേപങ്ങള്‍ ഛത്തീസ്ഗഢില്‍ ഉണ്ട്. വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കുകയാണ് ഉചിതമായ ഉപയോഗരീതി.
Content Highlights: uranium in drinking water chattigarh
Published: 22 Oct 2024, 10:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented