Screengrab: Twitter.com|priyankagandhi
ലഖ്നൗ: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അധ്യാപക യോഗ്യതാ പരീക്ഷ(ഉത്തര്‍പ്രദേശ് ടീച്ചര്‍ എബിലിറ്റി ടെസ്റ്റ്-UPTET) റദ്ദാക്കി. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ പ്രൈമറി, അപ്പര്പ്രൈമറി വിഭാഗങ്ങളില്‍ അധ്യാപക ജോലി ലഭിക്കണമെങ്കില്‍ UPTET പരീക്ഷ പാസാകണം. നവംബര്‍ 28 ഞായറാഴ്ചയായിരുന്നു പരീക്ഷാ തീയതി. ലക്ഷക്കണക്കിന് പേരാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചതോടെ പരീക്ഷ റദ്ദാക്കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. അടുത്ത മാസം പരീക്ഷ നടത്തുമെന്നും വിവരമുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദിയും വ്യക്തമാക്കി. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്നും സംഭവത്തില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് കൈമാറിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി രംഗത്തെത്തി. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. പരീക്ഷാകേന്ദ്രങ്ങളിലെത്തി കണ്ണീരോടെ മടങ്ങുന്ന ഉദ്യോഗാര്‍ഥികളുടെ ദൃശ്യങ്ങളും പ്രിയങ്കാഗാന്ധി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പരീക്ഷ റദ്ദാക്കിയതോടെ ഉദ്യോഗാര്‍ഥികളും ആശങ്കയിലാണ്. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും അത് കൃത്യമായി നടക്കുമോ എന്നതാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം. 'ഈയടുത്താണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ഇപ്പോള്‍ അത് വീണ്ടും നീട്ടിവെച്ചിരിക്കുകയാണ്. ഒരുമാസത്തിനകം പരീക്ഷ നടത്തുമെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല- ബുലന്ദ്ശഹറില്‍നിന്നുള്ള ഉദ്യോഗാര്‍ഥി പ്രതികരിച്ചു.
Content Highlights: uptet exam 2021 cancelled due to question paper leak in uttar pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..