സ്വത്തിനെ ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ കലഹമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ മകനുമായുള്ള അസ്വാരസ്യം കാരണം ഓം നാരായണ വര്‍മ എന്ന മധ്യപ്രദേശുകാരന്റേത് വിചിത്രമായ തീരുമാനമായിരുന്നു. മകനോടുള്ള ദേഷ്യത്തില്‍ മുന്നും പിന്നും നോക്കാതെ ഓം നാരായണ വര്‍മ ഒരു തീരുമാനമങ്ങെടുത്തു. പാരമ്പര്യസ്വത്തിന്റെ ഒരു ഭാഗം തന്റെ വളര്‍ത്തുനായയുടെ പേരിലങ്ങെഴുതി വെച്ചു.

ചിന്ദ്വാര ജില്ലയിലാണ് സംഭവം. കര്‍ഷകനായ ഇദ്ദേഹം രണ്ട് ഏക്കറോളം ഭൂമിയാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ജാക്കിയുടെ പേരില്‍ എഴുതി വെച്ചത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ബാക്കി സ്ഥലം വില്‍പത്രമനുസരിച്ച് ഭാര്യ ചമ്പയ്ക്ക് ലഭിക്കും. വിശ്വസ്തനായ തന്റെ നായയ്ക്ക് സ്വത്തിന്റെ ഭാഗം നല്‍കുന്ന കാര്യം സത്യവാങ്മൂലമായി ഓം നാരായണ വര്‍മ രേഖപ്പെടുത്തി. തന്റെ മരണശേഷം ഒരു തെരുവുനായയായി ജാക്കി അലയാനിടയാവരുതെന്ന് ഓം നാരായണ വര്‍മ സൂചിപ്പിച്ചു. 

ഭാര്യയും നായയും തന്റെ കാര്യങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ഇരുവരും തനിക്ക് പ്രിയപ്പെട്ടവരാണെന്നും തന്റെ മരണശേഷം ഇരുവരും ബുദ്ധിമുട്ടരുതെന്നും തനിക്ക് ശേഷം മരണം വരെ ജാക്കിയെ സംരക്ഷിക്കുന്ന ആള്‍ക്ക് ജാക്കിയുടെ പേരിലെഴുതി വെച്ച സ്വത്ത് ലഭിക്കുമെന്നും ഓം നാരായണ വര്‍മ വ്യക്തമാക്കി. 

എന്നാല്‍ പിന്നീട് ഗ്രാമമുഖ്യന്‍ ഇടപെട്ട് വില്‍പത്രം മാറ്റിയെഴുതാന്‍ പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് വില്‍പത്രം റദ്ദാക്കുന്ന കാര്യം ആലോചിക്കുന്നതായി ഓം നാരായണ വര്‍മ അറിയിച്ചു. മകനോടുള്ള ദേഷ്യത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വില്‍പത്രമെഴുതിയതെന്നും  ഓം നാരായണ വര്‍മ പറഞ്ഞു. വില്‍പത്രം റദ്ദാക്കുന്നതിന്റെ നടപടി ആരംഭിച്ചതായി ഗ്രാമമുഖ്യനായ ജമുന പ്രസാദ് വര്‍മ സ്ഥിരീകരിച്ചു. 

Content Highlights: Upset With Son, Madhya Pradesh Farmer Leaves 2-acre Land for Pet Dog in His Will