ന്യൂഡൽഹി:റാങ്കും വിജയവും അവാര്‍ഡുകളും ലഭിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും നന്ദി പറയുന്നത് അസാധാരണ സംഭവമല്ല. എന്നാല്‍ പരസ്യമായി തന്റെ കാമുകിക്കും ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സിവില്‍ സർവീസില്‍ ഒന്നാം റാങ്ക് ലഭിച്ച കനിഷ്‌ക് കടാരിയ. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് തന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹം കുറിച്ചു. ഒപ്പം കാമുകിക്കുള്ള നന്ദിവാക്കും. 

"ആശ്ചര്യം തോന്നുന്ന നിമിഷമാണിത്. ഒന്നാം റാങ്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാതാപിതാക്കള്‍ക്കും സഹോദരിക്കും കാമുകിക്കും അവര്‍ നല്‍കിയ പിന്തുണക്കും സഹായത്തിനും നന്ദി അറിയിക്കുകയാണ്. ഞാനൊരു നല്ല ഭരണനിര്‍വഹകന്‍ ആയിരിക്കുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. അതു തന്നെയാണ് എന്റെ ഉദ്ദേശവും", കടാരിയ കുറിച്ചു.

ഒരു സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരന്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ പരസ്യമായി കാമുകിക്ക് നന്ദി പറയുന്നത് എന്ന തരത്തിലാണ് കടാരിയയുടെ ട്വീറ്റ് ആഘോഷിക്കപ്പെടുന്നത്.
 
ഐ.ഐ.ടി. ബോംബെയില്‍നിന്നുള്ള ബിരുദധാരിയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളുമായ കനിഷ്‌ക് .

ഐ.ഐ.ടി. ഗുവാഹാട്ടിയില്‍ നിന്ന് ബിരുദം നേടിയ ജയ്പുര്‍ സ്വദേശി അക്ഷന്ത് ജെയ്ന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി. അഞ്ചാം റാങ്ക് നേടിയ സൃഷ്ടി ജയന്ത് ദേശ്മുഖ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി. 759 പേര്‍ യോഗ്യത നേടിയതില്‍ 577 പുരുഷന്‍മാരും 182 സ്ത്രീകളുമുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിരുദധാരിയായ എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശി ആര്‍. ശ്രീലക്ഷ്മി 29-ാം റാങ്ക് നേടി മലയാളികളില്‍ ഒന്നാമതായി. കാസര്‍കോട് ബദിയടുക്ക സ്വദേശി രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും കണ്ണൂര്‍ ചെറുപുഴ സ്വദേശി അര്‍ജുന്‍ മോഹന്‍ 66-ാം റാങ്കും നേടി. മലയാളി ആദിവാസി പെണ്‍കുട്ടി വയനാട് സ്വദേശി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി.