ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. ഭരണപക്ഷം ഇതിനെ ശക്തമായി എതിര്‍ത്തതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാഗ്വാദമുണ്ടായി. ഒടുവില്‍ സഭ നിയന്ത്രിച്ചിരുന്ന പി.ജെ കുര്യന്‍ ഇന്നത്തേക്ക് സഭ പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു.

ലോക്സഭ പാസാക്കിയ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് ചട്ടലംഘനമാണെന്ന് മന്ത്രി അരുണ്‍ ജെയ്റ്റിലി സഭയെ അറിയിച്ചു. ലോക്‌സഭ പാസാക്കിയ ബില്ലിനെ രാജ്യസഭ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നത് രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുള്ളതാണ്. മുത്തലാഖ് അനീതിയാണെന്ന് ബെഞ്ചിലെ രണ്ട് ജസ്റ്റിസുമാര്‍ നിരീക്ഷിക്കുകയും ആറുമാസത്തേക്ക് ഈ സമ്പ്രദായപ്രകാരം വിവാഹമോചനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി 22 ആകുമ്പോഴേക്ക് സുപ്രീം കോടതി അനുവദിച്ച ആറുമാസ കാലാവധി പൂര്‍ത്തിയാകുമെന്നും വിഷയം സെലക്ട് കമ്മറ്റിക്കു വിടേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് ജെയ്റ്റ്ലി പറഞ്ഞു.

മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസാക്കിയതിനു ശേഷവും രാജ്യത്ത് മുത്തലാഖിലൂടെയുള്ള വിവാഹമോചനം നടക്കുന്നുണ്ടെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ സഭയില്‍ അവതരിപ്പിക്കവേ പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലി മൊറാദാബാദില്‍ ഒരു സ്ത്രീ മുത്തലാഖ് ചൊല്ലിയ സംഭവത്തെ സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്നുവര്‍ഷം തടവ് വ്യവസ്ഥ ചെയ്യുന്നതുമായ ബില്‍ ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയ ശേഷമാണ് ലോക്സഭയില്‍ പാസാക്കിയത്.

തുടര്‍ന്നാണ് ബില്‍ രാജ്യസഭയിലെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. വിഷയത്തില്‍ ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ബില്‍ രാജ്യസഭ ചര്‍ച്ചയ്ക്കെടുത്തത്. ബില്‍ വീണ്ടും നാളെ പരിഗണിക്കും.

content highlightsL: triple talaq, rajyasabha, uproar over triple talaq rajyasabha sdjourned for today