യോഗി ആദിത്യനാഥ് |ഫോട്ടോ:ANI
ലഖ്നൗ: ജില്ലാ പഞ്ചായത്ത് ചെയര്മാന് തിരഞ്ഞെടുപ്പിന് പിന്നാലെ ഉത്തര്‍പ്രദേശ് ബ്ലോക്ക് പ്രമുഖ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും തൂത്തുവാരി ബിജെപി. 825-ല്‍ 630 സീറ്റുകളും തങ്ങള്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥികള്‍ നേടിയതായി ബിജെപി അവകാശപ്പെട്ടു.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറെ നിര്‍ണായകമാണ്. അതേ സമയം തിരഞ്ഞെടുപ്പില്‍ വ്യാപക ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കല്ലേറും, ബോംബാക്രമണവും വനിതാ സ്ഥാനാര്‍ഥികളെ റോഡില്‍ വലിച്ചിഴക്കുന്നതടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഭരണകക്ഷിയായ ബിജെപി ചരിത്ര വിജയമെന്ന് വിശേഷിപ്പിച്ച തിരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറിയും കൃത്രിമവും നടന്നതായി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.
ബിജെപി ഇതിനോടകം 635 ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങള്‍ നേടി കഴിഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സംഖ്യ ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി 70 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. 95 സ്വതന്ത്രരും വിജയിച്ചു.
349 ഓളം ബ്ലോക്ക് പ്രമുഖുകള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 476 സീറ്റുകളിലേക്ക് ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തങ്ങള്‍ പിന്തുണക്കന്ന 334 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായാണ് ബിജെപിയുടെ അവകാശവാദം.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലഖ്നൗവിലെ പാര്‍ട്ടി ഓഫീസിലെത്തി യോഗി ആദിത്യനാഥ് ആഹ്ലാദം പങ്കിട്ടു. ജൂലായ് മൂന്നിന് നടന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പും ബിജെപി തൂത്തുവാരിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..