ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിവാദങ്ങളില്‍പ്പെടുന്ന അവസരത്തിലെല്ലാം തന്റെ പേര് ഉയര്‍ത്തിക്കൊണ്ടു വരുന്നത് ബി.ജെ.പി പതിവാക്കിയിരിക്കുകയാണെന്ന് സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി മോദി മറുപടി പറയണം. നുണകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രൂപയുടെ മൂല്യം ഇടിയുമ്പൊഴും ഇന്ധനവില വര്‍ധിക്കുമ്പൊഴും റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുമ്പോഴും തന്റെ പേര് ഉയര്‍ത്തിക്കൊണ്ടു വരികയാണ്. ആദ്യമൊന്നും ഗൗരവമായി എടുത്തിരുന്നില്ല. മോദി സര്‍ക്കാരും ബിജെപിയും കഴിഞ്ഞ നാലു വര്‍ഷമായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വദ്ര ആരോപിച്ചു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ വദ്രയ്‌ക്കെതിരെ ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. വദ്രയ്ക്ക് ബന്ധമുള്ള കമ്പനിയെ ഇടനിലക്കാരാക്കാന്‍ വിസമ്മതിച്ചതുകൊണ്ടാണ് കോടികളുടെ കരാറില്‍നിന്ന് മുന്‍ യു.പി.എ സര്‍ക്കാര്‍ പിന്നോട്ടു പോയതെന്നായിരുന്നു ആരോപണം. കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്താണ് ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് പ്രത്യാരോപണവുമായി വദ്ര രംഗത്തെത്തിയത്.