ലഖ്‌നൗ:  സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള സഹോദരിക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെടുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യുവതി ഡിവിഷണല്‍ കമ്മീഷണറുടെ വാഹനം തടഞ്ഞത്.

നികിത കുശ്‌വാഹ എന്ന സ്ത്രീയാണ് ഡിവിഷണല്‍ കമ്മീഷണറായ അമിത് ഗുപ്തയുടെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ നിന്ന് സഹോദരിക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. 'എന്തെങ്കിലും ചെയ്യൂ സാര്‍, അല്ലെങ്കില്‍ അവള്‍ മരിച്ചുപോകും. അവള്‍ക്ക് ചികിത്സ നല്‍കൂ' എന്ന് യുവതി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സഹോദരിക്ക് നല്ല ചികിത്സ ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നുമാണ് യുവതി പറയുന്നത്. 

സഹോദരിക്ക് ശരിയായ ചികിത്സ നല്‍കുമെന്ന് ഉറപ്പ് നല്‍കാതെ നിങ്ങള്‍ പോകില്ലെന്ന് ആക്രോശിച്ച് കാറിന് മുന്നില്‍ റോഡില്‍ കിടന്ന് അലമുറയിടുന്നത് വീഡിയോയില്‍ കാണാം. പോലീസ് അവരെ തടയാനും വഴിയില്‍ നിന്ന് മാറ്റാനും ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ യുവതിയുടെ അഭ്യര്‍ഥന ഫലം കാണുന്നതിന് മുന്‍പ് ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് പതിനൊന്ന് വയസ്സുകാരിയായ സഹോദരി മരണപ്പെട്ടുവെന്ന വിവരംവന്നു. ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ പിഴവാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്നുമാണ് നികിത ആരോപിക്കുന്നത്. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. 

അതേസമയം, രോഗം ബാധിച്ച പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. വളരെ സങ്കീര്‍ണമായ കേസ് ആയിരുന്നു പെണ്‍കുട്ടിയുടേത്. ആന്തരികാവയവങ്ങളെ രോഗം സാരമായി ബാധിച്ചിരുന്നു. കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല- ഫിറോസാബാദ് സര്‍ക്കാര്‍ ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. സംഗീത അനേജ പറഞ്ഞു. 

ഡെങ്കിപ്പനി ഗുരുതരാമായി രോഗികള്‍ മരണപ്പെടുന്ന ഒന്നിലധികം കേസുകള്‍ നേരത്തേയും ഫിറോസാബാദ് ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: UP Woman's Desperate Move For Cousin, 11, Who Died Of Dengue Hours Later