സിതാപുര്‍: നാല്‍പ്പത് പുരോഹിതരെ നിയോഗിച്ച് 11 ദിവസംനീണ്ട പൂജ നടത്തിയശേഷം 5.53 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പുരോഹിതര്‍ക്ക് നല്‍കി കബളിപ്പിച്ച സ്ത്രീ പിടിയില്‍. ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയിലുള്ള തെര്‍വ മാണിക്പുര്‍ ഗ്രാമത്തിലാണ് സംഭവം.

പുരോഹിതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ജി.ആര്‍ പതക് എന്നയാളുടെ ഭാര്യ ഗീത പതക് എന്ന സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തുവെന്നും ലഖ്‌നൗ റേഞ്ച് ഐ.ജി ലക്ഷ്മി സിങ് പറഞ്ഞു. യുവതിയെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം നടത്തിയ പരിശോധനയില്‍ മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള നിരവധി വ്യാജ നോട്ടുകള്‍ അവരുടെ വാഹനത്തില്‍നിന്ന് കണ്ടെടുത്തു. 

ഒന്‍പത് ലക്ഷംരൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് 11 ദിവസം നീണ്ട പൂജ നടത്താന്‍ 39 പുരോഹിതരെ അവര്‍ ക്ഷണിച്ചതെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പൂജ അവസാനിച്ചതോടെ പുരോഹിതര്‍ക്ക് സ്ത്രീ പണമടങ്ങിയ ബാഗ് കൈമാറി. പുരോഹിതര്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുടെ മുകള്‍ഭാഗത്ത് മാത്രം യഥാര്‍ഥ നോട്ടുകളും ഉള്‍വശത്ത് വ്യാജ നോട്ടുകളുമാണ് വച്ചിരിക്കുന്നതെന്ന് മനസിലായത്. 5.53 ലക്ഷം രൂപയ്ക്ക് തുല്യമായ വ്യാജ നോട്ടുകളാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

Content Highlights: UP woman dupes priests with coupon notes